Site icon Janayugom Online

മണിപ്പൂരിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അധികാര കസേരയിലേക്ക് തിരിച്ച് വരാനുള്ള കോണ്‍ഗ്രസിന്റെ ആഗ്രഹത്തിന് കനത്ത തിരിച്ചടിയാണ് മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ പാർട്ടി വലിയ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നെങ്കിലും ഫലം തീർത്തും നിരാശജനകമാണ്.

ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് മണിപ്പൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ടത്തിൽ 78.03 ശതമാനവും രണ്ടാം ഘട്ടത്തിൽ 78.49 ശതമാനവും വോട്ടുകളാണ് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.വോട്ട് വിഹിതത്തിലും കോണ്‍ഗ്രസിന്റെ തകർച്ച വ്യക്തമാണ്. ബി ജെ പി 38.16 ശതമാനം വോട്ട് വിഹിതവുമായി മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് 17 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചിരിക്കുന്നത്. സീറ്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള എന്‍ പി പിക്ക് 16.01 വോട്ട് ശതമാനമാണ് ലഭിച്ചിരിക്കുന്നത്.

അതേസമയം ജെ ഡി യു 10.77 ശതമാനം വോട്ട് വിഹിതം നേടിയത് ശ്രദ്ധേയമാണ്. എന്‍ പി എഫിന് 9 ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്. എൻ ബിരേൻ സിംഗിന്റെ നേതൃത്തിലെ ബി ജെ പി സർക്കാറിനെതിരെ വലിയ പ്രതിഷേധ പരിപാടികള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഉയർത്തിക്കൊണ്ട് വന്നിരുന്നെങ്കിലും മറ്റ് പലയിടങ്ങളിലേതെന്നപോലെ ആഭ്യന്തര തർക്കങ്ങള്‍ മണിപ്പൂരിലും അവർക്ക് തിരിച്ചടിയാവുകയായിരുന്നു. പി സി സി അധ്യക്ഷന്‍ ഉള്‍പ്പടേയുള്ളവർ പാർട്ടിയില്‍ നിന്ന് രാജിവെച്ച് ബി ജെ പിയിലേക്ക് കളം മാറിയത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് മാത്രമായിരുന്നു. ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളായിരുന്നു അസമും മണിപ്പൂരും അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍.

1967 ല്‍ സംസ്ഥാനത്ത് ആദ്യമായി നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 30 സീറ്റില്‍ 16 സീറ്റും നേടിയായിരുന്നു കോണ്‍ഗ്രസ് മണിപ്പൂർ അധികാരത്തിലെത്തിയത്. 1972 ലും മണിപ്പൂർ കോണ്‍ഗ്രസിനൊപ്പം നിന്നു. 1974 ലാണ് ആദ്യമായി സംസ്ഥാനത്ത് കോണ്‍ഗ്രസിന് തിരിച്ചടി നേരിടുന്നത്. അന്ന് മണിപ്പൂർ പീപ്പിള്‍സ് പാർട്ടിയായിരുന്നു അധികാരത്തിലെത്തിയത്. പിന്നീട് 1984 ലെ തിരഞ്ഞെടുപ്പില്‍ അതിശക്തമായ തിരിച്ച് വരവ് സംസ്ഥാനത്ത് നടത്താനും കോണ്‍ഗ്രസിന് സാധിച്ചു. എം പി പിയെ കേവലം മൂന്ന് സീറ്റിലേക്ക് പിന്തള്ളി 30 സീറ്റില്‍ വിജയിച്ച് കയറിയ കോണ്‍ഗ്രസ് ഒരിക്കല്‍ കൂടെ വടക്ക് കിഴക്കന്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി കസേര കയ്യാളുകയായിരുന്നു

ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിച്ചവർ ഉള്‍പ്പടെ 21 സ്വതന്ത്രരും വിജയിച്ചിരുന്നു. 90, 95 വർഷങ്ങളില്‍ വിജയിച്ച കോണ്‍ഗ്രസിന് പിന്നീട് തിരിച്ചടി നേരിടുന്നത് പാർട്ടി പിളർന്ന് 2000 ത്തിലാണ്. 23 സീറ്റിലായിരുന്നു കോണ്‍ഗ്രസ് പിളർന്ന് രൂപപ്പെട്ട മണിപ്പൂർ സ്റ്റേറ്റ് കോണ്‍ഗ്രസ് അന്ന് വിജയിച്ചത്. 11 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്.2002 ല്‍ 20 സീറ്റുകളുമായി മുന്നിലെത്തിയ കോണ്‍ഗ്രസ് ഒക്രം ഇബോബി സിങ്ങിനെ മുഖ്യമന്ത്രിയാക്കി അധികാരം പിടിച്ചു. പിന്നീട് 2007, 2012 തിരഞ്ഞെടുപ്പുകളില്‍ വലിയ വിജയമായിരുന്നു മണിപ്പൂരില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത്. 2012 ല്‍ 60 ല്‍ 42 സീറ്റ് നേടിയ കോണ്‍ഗ്രസ് പുതിയ റെക്കോർഡും സൃഷ്ടിച്ചു. എന്നാല്‍ അതിന് ശേഷം തനിച്ചും പ്രാദേശിക കക്ഷികള്‍ ഉള്‍പ്പടേയുള്ളവരെ കൂടെകൂട്ടി ബിജെപി നടത്തിയ നീക്കങ്ങള്‍ക്ക് മുന്നില്‍ മേഖലയില്‍ കോണ്‍ഗ്രസിന് അടിപതറുന്നതാണ് കാണാന്‍ സാധിച്ചത്.

കോണ്‍ഗ്രസിന് അധികാരമുള്ള ഒരു സംസ്ഥാനവും ഇന്ന് വടക്കു കിഴക്കന്‍ മേഖലയില്‍ ഇല്ലെന്നുള്ളതാണ് വസ്തുത.2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിച്ചിരുന്നില്ല. 21 സീറ്റില്‍ വിജയം നേടിയ ബി ജെ പി നാല് എം എല്‍ എ മാര്‍ വീതമുള്ള എന്‍ പി പിയുടേയും എന്‍ പി എഫിന്റെയും ഒരംഗം വീതം ഉണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രിന്‍റെയും എല്‍ ജെ പിയുടേയും പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

ഒരു സ്വതന്ത്ര എം എല്‍ എ യും കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തി ഒരു എംഎല്‍എയും ബിജെപിയെ പിന്തുണയ്ച്ചിരുന്നു. ഇതോടെ ആകെ 33 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിരെന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ ബിജെപി മന്ത്രിസഭ സംസ്ഥാനത്ത് അധികാരത്തില്‍ വന്നത്. പിന്നീട് നിരവധി കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപി ചാക്കിട്ട് പിടിക്കുകയും ചെയ്തു. അതിനിടെ ഭരണ മുന്നണിയിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പ്രതിപക്ഷ നിരയിലേക്ക് കൂടുമാറുകയും ചെയ്തു.

Eng­lish Summary:Congress suf­fers major set­back in Manipur too

You may also like this video:

Exit mobile version