Site iconSite icon Janayugom Online

പഞ്ചാബില്‍ ജനപ്രതിനിധികളെയും നേതാക്കളെയും പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ്; വലവിരിച്ച് അമരീന്ദര്‍

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ജനപ്രതിനിധികളെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് , പഞ്ചാബില്‍ തങ്ങളുടെ എംപിമാരെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ ഭഗീരഥപ്രയത്നത്തില്‍ . കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പാർട്ടി പ്രഖ്യാപനത്തോടെ പഞ്ചാബ് രാഷ്ട്രീയം മറ്റൊരു പോരിന് തയ്യാറാകുന്നു. കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെയാണ് അമരീന്ദര്‍ കരച്ചക്കെട്ടി രംഗത്തുള്ളത്.

ബിജെപിയുമായി സഖ്യത്തിലായിരിക്കും തന്റെ പുതിയ പാർട്ടി മത്സരിക്കുകയെന്ന് ക്യാപ്റ്റൻ പ്രഖ്യാപിക്കുകയും ചെയ്തു.ഇനി സംസ്ഥാനത്ത് ഉറ്റുനോക്കപ്പെടുന്നത്. കോൺഗ്രസിൽ നിന്ന് എത്ര പ്രമുഖർ പാർട്ടി വിട്ട് അമരീന്ദറിനൊപ്പം ചേരുമെന്നാണ്. ഇതിനോടകം തന്നെ അമരീന്ദർ നേതാക്കളെ മറുകണ്ടം ചാടിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. അമരീന്ദറുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിലപാടാണ് ഇക്കാര്യത്തിൽ ഉറ്റുനോക്കപ്പെടുന്നത്. മുതിർന്ന പാലർലമെന്റ് അംഗങ്ങളും കളം മാറാനുള്ള സാധ്യതയും ഏറുന്നു. രണ്ട് വർഷം കഴിഞ്ഞാൽ ലോക്സഭ തിരഞ്ഞെടുപ്പാണ്. 2019 ൽ ക്യാപ്റ്റന്റെ കരുത്തിലാണ് പഞ്ചാബിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ മുന്നേറ്റം കാഴ്ച വെച്ചത്. അതുകൊണ്ട് തന്നെ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ചില നേതാക്കളെങ്കിലും അമരീന്ദറിനൊപ്പം ചേരുമോയെന്നതാണ് ചോദ്യം. പ്രത്യേകിച്ച് അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കൾ.

കോൺഗ്രസിലെ വിശ്വസ്തരും ക്യാപ്റ്റനുമായി ഏറെ ബന്ധം ഉള്ളതുമായ മനീഷ് തിവാരി, മുഹമ്മദ് സാദിഖ്, അമരീന്ദറിന്റെ ഭാര്യയും പാട്യാലയിൽ നിന്നുള്ള എംപിയുമായ പർണീത് കൗർ എന്നിവരുടെ നിലപാടുകൾ നിർണായകവും.വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്രം സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചാകും നേതാക്കളും തങ്ങളുടെ തിരുമാനങ്ങൾ പ്രഖ്യാപിച്ചേക്കുകയെന്നാണ് കണക്കാക്കപ്പെടുന്നത്.

കർഷക സമരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സംസ്ഥാനമാണ് പഞ്ചാബ്. നിയമം പിൻവലിക്കാതെ അമരീന്ദറിനൊപ്പമോ ബിജെപിക്കൊപ്പമോ ചേർന്നാൽ സംസ്ഥാനത്ത് പിടിച്ച് നിൽക്കാൻ പോലുമാകില്ലെന്ന ആശങ്ക കോൺഗ്രസ് നേതാക്കളിൽ പലർക്കും ഉണ്ട്.അതേസമയം പാർട്ടിയിലെ ഇപ്പോഴത്തെ നീക്കങ്ങളിലും പല മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ട്. നവജ്യോത് സിംഗ് സിദ്ദു-ചരൺ ജിത്ത് സിംഗ് ചന്നി കൂട്ട് കെട്ടിനെ അംഗീകരിക്കാൻ പല നേതാക്കളും ഇപ്പോഴും തയ്യാറായിട്ടില്ലെന്നാണ് വിവരം. മുതിർന്ന നേതാക്കളായ പ്രതാപ് സിംഗ് ബജ്വ, റൺവീർ സിംഗ് ബിട്ടു എന്നിവർ ഉൾപ്പെടെയാണ് പുതിയ നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചത്. 14 വർഷം ബിജെപിയിൽ ഉണ്ടായിരുന്ന സിദ്ദുവാണ് ഇപ്പോൾ ഞങ്ങളുടെ പാർട്ടി അധ്യക്ഷൻ.

2012 ൽ മാത്രം പാർട്ടിയിൽ ചേർന്ന ചന്നി ഇപ്പോൾ മുഖ്യമന്ത്രിയാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഭൂരിഭാഗവും അകാലി നേതാവായിരുന്ന മൻപ്രീത് ബാദലാണ് ഞങ്ങളുടെ ധനമന്ത്രി, ഇതൊക്കെ എങ്ങനെ അംഗീകരിക്കുമെന്നാണ് പലരും ചോദിക്കുന്നത്. എന്തായാലും ഉൾപ്പാർട്ടി തർക്കങ്ങളിൽ രാജി വെയ്ക്കാൻ തയ്യാറായി നിൽക്കുന്നവർക്ക് അമരീന്ദറിന്റെ പുതിയ പാർട്ടി അഭയ കേന്ദ്രമാകും എന്ന കാര്യത്തിൽ തർക്കമില്ല. അമരീന്ദറിനൊപ്പം പോകുന്നവർക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലേങ്കിലും കോൺഗ്രസിന് വലിയ ക്ഷീണം വരുത്താൻ സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സമാനമായ ഭീഷിണിയാണ് നേരിടുന്നത്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്നു സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

Eng­lish Sum­ma­ry: Con­gress to detain MPs and lead­ers in Punjab

you may like this video also

Exit mobile version