Site iconSite icon Janayugom Online

കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്; ജി23 ഇന്ന് യോഗം ചേരും

പാര്‍ട്ടിയുടെ അധികാരം തങ്ങളില്‍തന്നെ അരക്കിട്ടുറപ്പിച്ച് ഗാന്ധി കുടുംബം പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനമെടുപ്പിച്ചെങ്കിലും, കോണ്‍ഗ്രസില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിനുശേഷം നിരവധി നേതാക്കളും പ്രവര്‍ത്തകരും സോണിയ‑രാഹുല്‍-പ്രിയങ്ക നേതൃത്വത്തിനെതിരെ രംഗത്തുവന്നെങ്കിലും പാര്‍ട്ടിയുടെ അധികാരം കൈമാറാന്‍ മൂവര്‍ സംഘം തയാറായിരുന്നില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഇന്നലെ പരസ്യമായി ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തിയതോടെ സ്ഥിതി കൂടുതല്‍ കലുഷിതമായി.
അതിനിടെ, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സംഘമായ ജി23 ഇന്ന് വൈകിട്ട് ഏഴ് മണിക്ക് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവന്നില്ലെങ്കില്‍ നില പരുങ്ങലിലാകുമെന്ന് രണ്ട് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ജി23 ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തിലും അത് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ സോണിയയും രാഹുലും പ്രിയങ്കയും തന്നെ നേതൃസ്ഥാനം വഹിക്കണമെന്ന് പ്രവര്‍ത്തകസമിതി യോഗത്തില്‍ തീരുമാനമുണ്ടാക്കുകയായിരുന്നു. ഇതില്‍ അസംതൃപ്തരായ മറ്റ് ചില നേതാക്കള്‍ കൂടി ഇന്നത്തെ ജി23 യോഗത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എട്ട് വര്‍ഷത്തിനുശേഷവും പാര്‍ട്ടിയുടെ കീഴോട്ടുപോക്കിന്റെ കാരണങ്ങള്‍ മനസിലാകുന്നില്ലെങ്കില്‍, നേതൃത്വം സ്വപ്നലോകത്താണ് ജീവിക്കുന്നതെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി. തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ചിന്തന്‍ ശിബിരം വിളിച്ചുചേര്‍ക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഗാന്ധി കുടുംബം മാറണമെന്നും മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2020ല്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന 23 നേതാക്കളില്‍, ഗാന്ധി കുടുംബം നേതൃസ്ഥാനത്തുനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെയാളാണ് കപില്‍ സിബല്‍. ഗാന്ധി കുടുംബം തിരഞ്ഞെടുത്ത അംഗങ്ങളടങ്ങിയ സമിതി അവരോട് ഒരിക്കലും ഒഴിയണമെന്ന് പറയാന്‍ പോകുന്നില്ലെന്നും അതിനാല്‍ സ്വമേധയാ സ്ഥാനമൊഴിയണമെന്നുമാണ് കപില്‍ സിബല്‍ ആവശ്യപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയവും തുടര്‍ന്ന് പ്രവര്‍ത്തക സമിതി സോണിയയുടെ നേതൃത്വത്തില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചതും തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്ക് പുറത്തുള്ള വലിയൊരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വ്യത്യസ്തമായ നിലപാടാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Eng­lish sum­ma­ry; Con­gress to explode; The G23 meet­ing will con­vene today

You may also like this video;

Exit mobile version