Site iconSite icon Janayugom Online

നടപടി പുകമറ മാത്രം; രാഹുലിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്

ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചതും കൊല്ലുമെന്ന് ഭീഷണി മുഴക്കിയതുമുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുയര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് സ്വീകരിച്ച നടപടി തല്‍ക്കാലം രക്ഷപ്പെടാനുള്ള പുകമറ മാത്രമെന്ന് തെളിയുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസിലെ വനിതാ നേതാക്കളും മുതിര്‍ന്ന നേതാക്കളുമുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും രാഹുലിനെതിരെ പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷന്‍ നടപടി മാത്രമാണ് കെപിസിസി സ്വീകരിച്ചത്. എന്നാല്‍ രാഹുലിനെതിരെ നിയമസഭയില്‍ പ്രതിഷേധമുയര്‍ന്നാല്‍ തങ്ങള്‍ പ്രതിരോധിക്കുമെന്നാണ് ഇപ്പോള്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരസ്യമായി പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയുടെ ഭാഗമായി ഉണ്ടാകില്ലെന്നും സംരക്ഷണം നല്‍കില്ലെന്നുമുള്ള കെപിസിസിയുടെ അവകാശവാദങ്ങളെല്ലാം പൊള്ളയായിരുന്നുവെന്ന് തെളിയിച്ചുകൊണ്ടാണ് നേതാക്കളുടെ നിലപാടുകള്‍ തുറന്നുകാട്ടപ്പെട്ടത്.

അതിനിടയില്‍, തനിക്കെതിരെ പരാതി നല്‍കാതിരിക്കാന്‍ ഇരകളെ സ്വാധീനിക്കാനും സമ്മര്‍ദം ചെലുത്താനുമുള്ള നീക്കങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും അനുകൂലികളുടെയും ഭാഗത്തുനിന്ന് നടക്കുന്നതായും സൂചനകള്‍ പുറത്തുവന്നു.
രാഹുലിനെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിട്ടില്ലെന്നും നിയമസഭയ്ക്കകത്ത് രാഹുലിനെതിരെ ഭരണപക്ഷം പ്രതിഷേധിച്ചാൽ നമുക്ക് കാണാമെന്നുമായിരുന്നു എം എം ഹസൻ പ്രതികരിച്ചത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശും രാഹുലിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. രാഹുലിന് നീതി ലഭിക്കണമെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. മറുഭാഗത്ത് ഇരിക്കുന്നവർക്കെതിരെയും സമാന ആരോപണമുണ്ട്. അവർക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം. രാഹുൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന തരത്തിലുള്ള പ്രചാരണം ഉയര്‍ത്തി പ്രതിരോധിക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്രമണം ഉള്‍പ്പെടെ നടത്തുകയും ചെയ്യുന്നു. രാഹുലിനെതിരെ പുറത്തുവന്ന ഓഡിയോ എല്ലാം വ്യാജമാണെന്നും അങ്ങനെ ഒരു പെൺകുട്ടിയോ അങ്ങനെ ഒരു ഗർഭഛിദ്രമോ ഗർഭമോ പോലും ഇല്ലെന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍ അങ്ങനെ ഒരു പെൺകുട്ടി ഉണ്ടെന്നും അവർ വളരെ അധികം മാനസികാഘാതത്തിൽ ആണെന്നും വ്യക്തമാക്കി മാധ്യമപ്രവര്‍ത്തക ലക്ഷ്മി പദ്മ രംഗത്തെത്തി. താന്‍ അവളെ കണ്ടുവെന്നും പുറത്ത് നമ്മൾ അറിഞ്ഞതിലും ഗുരുതരമാണ് യാഥാർത്ഥ്യങ്ങളെന്നും ലക്ഷ്മി പദ്മ ഫേസ്ബുക്കില്‍ കുറിച്ചു. ഞാൻ മനസിലാക്കിയിടത്തോളം ഇരയാക്കപ്പെട്ട ആളുകളെ പോലും അയാൾ ഇപ്പോഴും മാനേജ് ചെയ്ത് കൊണ്ടിരിക്കുന്നുവെന്നും അതിലേക്ക് ഒക്കെ അന്വേഷണം എത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും അതിജീവിത മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം നാളെ മുതൽ ഇക്കാര്യത്തിൽ നടപടി തുടങ്ങും.

Exit mobile version