Site iconSite icon Janayugom Online

വ്യാപക കോണ്‍ഗ്രസ് അക്രമം; മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ ഭീഷണി

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി നാശനഷ്ടമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ വ്യാപക അക്രമത്തിന് ശ്രമം. ഇന്നലെ ഉച്ചയോടുകൂടി എംപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരത്തില്‍ എത്തിയതോടെ പിന്‍നിരയില്‍ അക്രമം ആരംഭിക്കുകയായിരുന്നു. നഗരത്തിലെ ഇടതു പാര്‍ട്ടികളുടെ കൊടികള്‍ വ്യാപകമായി നശിപ്പിച്ചു. പ്രകടനം രണ്ടായി പിരിഞ്ഞശേഷം ഒരു വിഭാഗം ദേശാഭിമാനി പത്രത്തിന്റെ ഓഫീസിലേക്ക് എത്തി അസഭ്യവര്‍ഷം മുഴക്കി കല്ലെറിഞ്ഞു. പ്രകടനത്തിനിടയിലും മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങളുമുണ്ടായി.

തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുടെ സ്വരമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത്. ചോദ്യങ്ങൾക്ക് ഉത്തരം നല്‍കാതെ വാർത്താസമ്മേളനത്തിൽ നിന്ന് ഇറക്കിവിടുമെന്നും മാധ്യമപ്രവർത്തകരോട് സതീശന്‍ പറഞ്ഞു. എംപി ഓഫീസിലെ മഹാത്മാഗാന്ധിയുടെ ഛായാചിത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഓഫീസിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലവിളികളുമായി മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്ക് പാഞ്ഞടുത്തെങ്കിലും പൊലീസുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.

പൊലീസുകാര്‍ ഡിസിസി ഓഫീസിനുളളില്‍ കയറിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കിയത്. പൊലീസിനു നേരെയും കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിയും അസഭ്യവര്‍ഷവും നടത്തി. ടി സിദ്ധീഖ് എംഎല്‍എ അടക്കമുള്ളവരാണ് ഭീഷണിയുമായി മുന്നില്‍ നിന്നത്. കേരളത്തിലെമ്പാടും യുഡിഎഫ്‌ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധിക്കണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ ഇ പി ജയരാജന്‍ ആഹ്വാനം ചെയ്തു.

കോട്ടയത്ത് പൊലീസുകാരന്റെ തല തല്ലിപ്പൊളിച്ചു

കണ്ണൂരിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ദേശീയപാത ഉപരോധസമരത്തിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള നേതാക്കളെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

ഡല്‍ഹിയില്‍ സിപിഐ(എം) ആസ്ഥാനമായ എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ദേശീയ നേതാക്കള്‍ ആരും പ്രതിഷേധത്തില്‍ പങ്കെടുത്തില്ല.
അതേസമയം കോട്ടയത്ത്‌ രണ്ടാം ദിവസവും കോൺഗ്രസ് അതിക്രമങ്ങള്‍ തുടര്‍ന്നു. പൊലീസിനു നേരെ തെരുവിൽ അക്രമം അഴിച്ചുവിട്ടു. ഡിവൈഎസ്‌പിയും എസ്‌ഐയും അടക്കമുള്ളവർക്ക്‌ പരിക്കേറ്റു. കളക്ടറേറ്റിനു സമീപം പ്രവർത്തകർ യുദ്ധഭൂമിയാക്കി. ഏറെ നേരം ഗതാഗതം സ്‌തംഭിച്ചു. പ്രകോപനപരമായ മുദ്രാവാക്യവുമായി എത്തിയ പ്രവർത്തകരെ തടയാൻ കളക്ടറേറ്റിനു സമീപം പൊലീസ്‌ ബാരിക്കേഡ്‌ വച്ചിരുന്നു.

അതിലൊരെണ്ണം ഡിവൈഎസ്‌പി ജെ സന്തോഷ്‌കുമാറിന്റെ തലയിലേക്ക്‌ മറിച്ചിടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഡിവൈഎസ്‌പിയെ ഉടൻ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിലാണ്‌ വെസ്‌റ്റ്‌ എസ്‌ഐ ടി ശ്രീജിത്ത്‌ അടക്കം എട്ടോളം പൊലീസുകാർക്ക്‌ പരിക്കേറ്റത്‌. ഏതാനും കോൺഗ്രസ്‌ പ്രവർത്തകർക്കും പരിക്കുണ്ട്‌. കളക്ടറേറ്റിലെ ഓഫീസുകൾക്ക്‌ നേരെയും കല്ലെറിഞ്ഞു. കളക്ടറേറ്റിലേക്ക്‌ അതിക്രമിച്ച്‌ കടക്കാനും ശ്രമിച്ചു. ഇതോടെ പൊലീസ്‌ ലാത്തിവീശി. കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഉമ്മൻ ചാണ്ടിയാണ്‌ പ്രകടനം ഉദ്‌ഘാടനം ചെയ്‌തത്‌. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തകരുടെ അക്രമം.
Eng­lish Summary:Congress vio­lence; Oppo­si­tion leader threat­ens journalists
You may also like this video

Exit mobile version