Site iconSite icon Janayugom Online

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോൺഗ്രസ് പങ്കെടുക്കില്ല

CongressCongress

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കാണ് വിരാമം. ആദരവോടെ ക്ഷണം നിരസിക്കുന്നതായും കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നും എഐസിസി അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കായിരുന്നു ക്ഷണം. എന്നാൽ പങ്കെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായം നിലനിന്നിരുന്നു. ചടങ്ങില്‍ നിന്നും വിട്ടുനിന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി മേഖലയിലെ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ഭയം. അതേസമയം ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളും കോണ്‍ഗ്രസ് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഈ മാസം 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. സിപിഐ ഉള്‍പ്പെടെ ഇന്ത്യ സഖ്യത്തിലെ നിരവധി കക്ഷികള്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് പങ്കെടുക്കുന്നത് ഉചിതമല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ രാമജന്മഭൂമി ക്ഷേത്രത്തെ ചുറ്റിപ്പറ്റി ബിജെപി നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ടിനെതിരെ നിലയുറപ്പിക്കാനുള്ള നേതാക്കളുടെ ധൈര്യമില്ലായ്മയാണ് കോണ്‍ഗ്രസിലുണ്ടായ ആശയക്കുഴപ്പം വ്യക്തമാക്കിയത്. വൈകിയാണെങ്കിലും തീരുമാനം സ്വാഗതാർഹമാണെന്ന് ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ പ്രതികരിച്ചു.

അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ആര്‍എസ്എസ്, ബിജെപി പരിപാടിയാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കി. നിർമ്മാണം പൂർത്തിയാക്കുംമുമ്പുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. 

Eng­lish Sum­ma­ry: Con­gress will not par­tic­i­pate in the ded­i­ca­tion cer­e­mo­ny of Ram Tem­ple in Ayodhya

You may also like this video

Exit mobile version