കൊല്ലം കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയാങ്കളി. യുഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലാണ് കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. യുഡിഎഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് ചെയർമാൻ ആർ ദേവരാജൻ, മണ്ഡലം പ്രസിഡൻ്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര സംഘടിപ്പിച്ചത്.
പദയാത്ര ആലുംകടവിൽ എത്തുന്നതിന് മുൻപുതന്നെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം തുടങ്ങി. ജാഥ എത്തിയതോടെ ഇരുചേരികളായി പോർവിളിയും ഉന്തും തള്ളും ആരംഭിച്ചു. ജാഥയിൽ എത്തിയ വനിതകൾ ഉൾപ്പെടെയുള്ളവർ ഇതോടെ നാലുഭാഗത്തേക്കും ചിതറി ഓടി. കെ സി വേണുഗോപാൽ പക്ഷത്തെ കപ്പത്തൂർ റോയി, അനിൽ കാരമൂട്ടിൽ തുടങ്ങിയവർ ഒരുപക്ഷത്തും മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന ജയകുമാർ, അമ്പിളി തുടങ്ങിയവർ എതിർപക്ഷത്തും അണിനിരന്ന് പരസ്പരം വാക്കുതർക്കവും കയ്യാങ്കളിയിലും എത്തി.
പ്രവർത്തകർ ഇരുപക്ഷത്തെയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും തന്നെ ജാതി പറഞ്ഞ് ആക്ഷേപിച്ചതായി ജയകുമാർ കപ്പത്തൂർ റോയിക്കെതിരെ ആക്ഷേപം ഉന്നയിച്ചു പാഞ്ഞടുത്തു. നിൻ്റെ രാഷ്ട്രീയ ഭാവി ഇതോടെ അവസാനിച്ചു എന്ന് റോയിയും തിരിച്ചടിച്ചു. തുടർന്ന് ഇവർ കെ സി വേണുഗോപാലിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചാണ് പിരിഞ്ഞുപോയത്.
സംസ്ഥാന വ്യാപകമായി യുഡിഎഫ് മണ്ഡലം തലത്തിൽ പദയാത്രകൾ നടത്തി വരുകയാണ്. ഇതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളിയിലും പദയാത്ര നടന്നത്.
English Summary: congress workers fought aganist each other during udf padayatra in kollam
You may also like this video