കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ഇത്തവണയും തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് സൂചന. ഈ മാസം 24 മുതൽ 26 വരെ റായ്‌പൂരില്‍ നടക്കുന്ന 85-ാമത് പ്ലീനറി സമ്മേളനത്തിലെ പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ് ഏതുവിധത്തിലായിരിക്കുമെന്നതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുകയാണ്.
തെരഞ്ഞെടുപ്പ് നടത്തി താഴേത്തട്ടിലുള്ള നേതാക്കൾക്ക് മത്സരിക്കാൻ വഴിയൊരുക്കണമോയെന്ന കാര്യത്തിലാണ് അനിശ്ചിതത്വം. പുതിയ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ അഭിപ്രായം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. മുൻഗാമി സോണിയാ ഗാന്ധിയുടെ കാലത്ത് നിലവിലുണ്ടായിരുന്ന നാമനിർദേശ സമ്പ്രദായം ഖാര്‍ഗെ തുടരുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. പുതിയ സിഡബ്ല്യുസി രൂപീകരിക്കാൻ ഖാർഗെയെ പ്ലീനറി സമ്മേളനം അധികാരപ്പെടുത്തിയാൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല.
ആകെ 25 പേരടങ്ങുന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. ഇവരില്‍ പകുതിപ്പേരെ തെരഞ്ഞെടുക്കുകയും മറ്റുള്ളവരെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്യുന്നതുമായ രീതിയാണ് നിലവില്‍ പിന്തുടരുന്നത്. ജി23 നേതാക്കൾ പാര്‍ട്ടിയില്‍ ഉയര്‍ത്തിയ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു പ്രവര്‍ത്തക സമിതിയിലേക്കുള്ള പൂര്‍ണമായ തെരഞ്ഞെടുപ്പ്. ഒക്ടോബറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സിഡബ്ല്യുസിക്ക് പകരം തന്റെ മുൻഗാമികളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരെ ഉൾപ്പെടുത്തി 47 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പുണ്ടായാൽ പല മുതിർന്ന നേതാക്കളും മത്സരിക്കാന്‍ തയ്യാറാകുമെന്നാണ് സൂചന. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ശശി തരൂർ പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ അന്തിമതീരുമാനം പിന്നീടുമാത്രമേ ഉണ്ടാകൂ എന്നും തരൂര്‍ അറിയിച്ചിട്ടുണ്ട്. നേതൃത്വത്തിലെ പലര്‍ക്കും തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ വലിയ താല്പര്യമില്ല. എന്നാല്‍ സമ്മര്‍ദം ശക്തമായാല്‍ തരൂരിനെ പ്രത്യേക ക്ഷണിതാവാക്കി മത്സരം ഒഴിവാക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
15,000 പ്രതിനിധികള്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ ആകെ 1,388 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. മുൻ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എംപി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.
പ്ലീനറി സമ്മേളനത്തോടെ ഒരാള്‍ക്ക് ഒരു പദവി എന്ന നിബന്ധന നടപ്പിലാക്കുമെന്നും സൂചനകളുണ്ട്. പാര്‍ട്ടിയുടെ പ്രധാന പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാവുക. അതേസമയം പാര്‍ലമെന്ററി, പാര്‍ട്ടി പദവികള്‍ ഒന്നിച്ച് വഹിക്കുന്നവര്‍ക്ക് ഒരു പദവി നിബന്ധന തടസമല്ല. പാര്‍ട്ടി സമിതികളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അമ്പത് ശതമാനം സംവരണം ഉറപ്പിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്‌തേക്കും. അതേസമയം അമ്പത് വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് പാര്‍ട്ടി പദവികളില്‍ പകുതി പ്രാതിനിധ്യമെന്ന നിര്‍ദേശവും പരിഗണിച്ചേക്കും.
English Summary: Congress Working Committee; High command move to avoid elections
You may also like this video