Site iconSite icon Janayugom Online

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി; തരൂര്‍ ഇന്‍, ചെന്നിത്തലയെ ഒതുക്കി

ദേശീയ പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ മറ്റൊരു അങ്കത്തിന് കളമൊരുങ്ങി. പ്രവര്‍ത്തക സമിതി അംഗമായി ശശി തരൂര്‍ ഇടംനേടിയപ്പോള്‍ രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കി ഒതുക്കിയതില്‍ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കടുത്ത അതൃപ്തിയിലാണ്. പ്രത്യേക ക്ഷണിതാവ് എന്ന സ്ഥാനം മാത്രം ലഭിച്ച കൊടിക്കുന്നില്‍ സുരേഷും അതൃപ്തി പരസ്യമാക്കാനൊരുങ്ങുകയാണ്.
യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളില്‍ ദേശീയതലത്തിലും സംസ്ഥാനത്ത് കെപിസിസി പ്രസിഡന്റ്, മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലെല്ലാം പ്രവര്‍ത്തിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ചെന്നിത്തലയ്ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ മനഃപൂര്‍വം നിഷേധിക്കുകയാണെന്ന പരാതിയാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ഉയര്‍ത്തുന്നത്.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രമേശ് ചെന്നിത്തലയ്ക്കു് മുകളിലാണ്, പിന്നീട് ഒരുപാട് കാലത്തിന് ശേഷം പാര്‍ട്ടിയിലെത്തിയ ശശി തരൂരിന്റെ സ്ഥാനം. തരൂരിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ വിവാദമാകുമെന്ന ദേശീയ നേതാക്കളുടെ ഭീതിയാണ് തനിക്കുനേരിട്ട അവഗണയ്ക്ക് പിന്നിലെന്നാണ് ചെന്നിത്തലയും മനസിലാക്കുന്നത്. മുതിര്‍ന്ന നേതാവായിട്ടുപോലും തന്നോട് യാതൊരു അഭിപ്രായവും ചോദിക്കാതെയാണ് പ്രവര്‍ത്തക സമിതിയിലേക്ക് അംഗങ്ങളെ തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. 19 വര്‍ഷം മുമ്പ് താനുണ്ടായിരുന്ന അതേ സ്ഥാനത്തേക്കാണ് ഇപ്പോഴും തന്നെ പരിഗണിച്ചിരിക്കുന്നതെന്ന് തുറന്നുപറഞ്ഞാണ് രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. പരസ്യ പ്രതികരണത്തിനില്ലെന്ന് പറയുന്നുണ്ടെങ്കിലും വിഷയം പാര്‍ട്ടിയിലും പുറത്തും ചര്‍ച്ചയാക്കാനാണ് ചെന്നിത്തലയുടെ തീരുമാനം. പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെ പുതുപ്പള്ളിയില്‍ പ്രചാരണത്തിലായിരുന്ന ചെന്നിത്തല അവിടെനിന്ന് മടങ്ങുകയും ചെയ്തു.
ദളിതനായതുകൊണ്ടാണ് പ്രവര്‍ത്തക സമിതി അംഗമാക്കാതിരുന്നത് എന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പരാതി. ദളിത് വിഭാഗത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്നും ഇതുവരെ ഉയര്‍ന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ലെന്നും നേരത്തെ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്ത് തങ്ങള്‍ ശക്തമായി എതിര്‍ത്തുകൊണ്ടിരുന്ന ശശി തരൂരിനെ ഉന്നത സ്ഥാനത്തേക്ക് നിയോഗിച്ചതിനെ, കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമുള്‍പ്പെടെയുള്ള നേതാക്കളും അനുകൂലിക്കുന്നില്ല. അച്ചടക്ക ലംഘനം നടത്തുന്നു, ലക്ഷ്മണരേഖ ലംഘിക്കുന്നു, നിരന്തരം പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്നു എന്നിങ്ങനെ കടുത്ത വിമര്‍ശനങ്ങളാണ് കെപിസിസി നേതാക്കള്‍ ശശി തരൂരിനെതിരെ ഉയര്‍ത്തിയിരുന്നത്.
ദേശീയ നേതാവെന്ന നിലയിലേക്ക് ഉയര്‍ന്ന ശശി തരൂര്‍ ഇനി തങ്ങള്‍ക്ക് മുകളില്‍ ഡെമോക്ലീസിന്റെ വാളായി എന്നും നിലനില്‍ക്കുമെന്ന ഭയാശങ്കയും കെപിസിസി നേതൃത്വത്തിനുണ്ട്. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

you may also like this video;

Exit mobile version