Site iconSite icon Janayugom Online

ഏകപക്ഷീയമാകരുത് ബോധവിപ്ലവം

ShyamkumarShyamkumar

നാധിപത്യത്തിന്റെ ഒരു സവിശേഷത ആരെയും ഒന്നിനെയും വിമർശനാതീതമായ വിശുദ്ധസത്തയോ സ്വത്വമോ ആയി കാണരുത് എന്നതാണ്. ഈ നിലയിൽ ജനാധിപത്യ വ്യവസ്ഥയിലെ രാഷ്ട്രീയ രംഗത്ത് നരേന്ദ്ര മോഡിയോ പിണറായി വിജയനോ രാഹുൽഗാന്ധിയോ സുരേഷ് ഗോപിയോ കെ കെ രമയോ കെ കെ ശൈലജയോ ഒന്നും വിമർശനാതീതരല്ല എന്നതുപോലെ തന്നെ സാംസ്കാരിക രംഗത്ത് ഡോ. ടി എസ് ശ്യാം കുമാറോ വിദ്യാസാഗർ ഗുരുമൂർത്തിയോ കെഇഎന്നോ സി രവിചന്ദ്രനോ എന്നല്ല യാതൊരാളും വിമർശനാതീതരല്ല. ഈ നിലയില്‍ ഡോ. ടി എസ് ശ്യാംകുമാറിന്റെ ചില അഭിപ്രായങ്ങളോടുള്ള വിയോജിപ്പുകളാണിവിടെ കുറിക്കുന്നത്.
ഒരു സംസ്കൃത പണ്ഡിതൻ എന്ന നിലയിൽ ഡോ. എൻ വി പി ഉണ്ണിത്തിരിയെപ്പോലെ തന്നെ ഡോ. ശ്യാംകുമാറും ഇടതുപക്ഷത്തിനും ബിജെപിവിരുദ്ധ ജനാധിപത്യ ചേരികൾക്കും പ്രിയപ്പെട്ട പ്രഭാഷകനായിത്തീർന്നിട്ടുണ്ട്. തീർച്ചയായും ഈ ലേഖകനും മതരാഷ്ട്രവിരുദ്ധമായ ജനാധിപത്യ ചേരിക്കൊപ്പമാണ്. എന്നാല്‍ അനുരാഗമാണെങ്കിലും വിരോധമാണെങ്കിലും അമിതമായാൽ അത് അന്ധതയുളവാക്കും. അന്ധൻ ആനയെ നിരൂപണം ചെയ്യുന്നതുപോലെയേ പിന്നീട് ഏതു വിഷയവും കാണാനാകൂ. ബ്രാഹ്മണ മേൽക്കോയ്മാപരമായ ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനാണ് വേദോപനിഷത്തുക്കളും ഇതിഹാസ പുരാണങ്ങളും ഷഡ്ദർശനാദി തത്വശാസ്ത്ര സമ്പ്രദായങ്ങളും താന്ത്രിക മാന്ത്രിക പാരമ്പര്യവും എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നാണ് ശ്യാംകുമാറിന്റെ വാദം. പാരാവാര സമാനമെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്ന സംസ്കൃത വൈദിക വാങ്മയങ്ങളിൽ നിന്ന് പെറുക്കിയെടുത്ത ചില ശ്ലോകങ്ങൾ ഉദ്ധരിച്ചു സ്വവാദം പ്രമാണീകരിക്കാൻ യത്നിക്കുന്നുമുണ്ട്. 

വൈദിക വാങ്മയങ്ങൾ ബ്രാഹ്മണ പ്രീണനപരമാണെന്ന് തെളിയിക്കാനുള്ള ശ്ലോകങ്ങൾ പെറുക്കിക്കാട്ടാൻ അദ്ദേഹം ആശ്രയിക്കുന്ന ഗ്രന്ഥങ്ങളിൽത്തന്നെ നിശിതമായ ബ്രാഹ്മണ നിന്ദന ശ്ലോകങ്ങളും ഉണ്ടെന്ന് എടുത്തു കാട്ടാനാകും. ഉദാഹരണത്തിനു മനുസ്മൃതിയും ഭഗവദ് ഗീതയും ഭാഗവത‑രാമായണാദി പുരാണേതിഹാസങ്ങളും തന്നെ എടുക്കാം. ഭഗവദ് ഗീതയിൽ ധാരാളം ബ്രാഹ്മണ നിന്ദന ശ്ലോകങ്ങളുണ്ട്. വന്ദന ശ്ലോകങ്ങൾ എടുത്തുകാട്ടി ഭഗവദ് ഗീത ബ്രാഹ്മണ പ്രീണന ഗ്രന്ഥമാണെന്നു പറയുന്നതുകൊണ്ട് മറുവശം എടുത്തു കാട്ടുകയാണ്. ഭഗവദ് ഗീതയിലെ രണ്ടാം അധ്യായത്തിലെ 42 മുതൽ 46 വരെയുള്ള ശ്ലോകങ്ങളിൽ പറഞ്ഞിരിക്കുന്നത്ര വൈദിക‑യാജ്ഞിക‑ബ്രാഹ്മണ്യ ഖണ്ഡനം ഒരു ശ്യാംകുമാറിനും ഉന്നയിക്കാനായിട്ടുണ്ടെന്ന് തോന്നുന്നില്ല.
‘നിങ്ങളെയും പട്ടിയെയും ഒരുപോലെ കാണുന്നു’ എന്നു പറയുന്നത് ചിലർക്കെങ്കിലും അപമാനപ്പെടുത്തലായി തോന്നാം. ഈ നിലയിൽ ബ്രാഹ്മണർക്ക് അപമാനകരമായി തോന്നാവുന്ന ഒരു സമദർശന ശ്ലോകം ഭഗവദ് ഗീതയിലുണ്ട്.
‘വിദ്യാവിനയ സമ്പന്നേ
ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവശ്വപാകേ ച
പണ്ഡിതാഃ സമദർശിനഃ’ (വിദ്യകൊണ്ടും വിനയം കൊണ്ടും പാകത വന്ന ബ്രാഹ്മണനിലും പശുവിലും ആനയിലും പട്ടിയിലും പട്ടിയെ തിന്നുന്ന ചണ്ഡാളനിലും സമദൃഷ്ടിയുള്ളവനാണ് പണ്ഡിതൻ) പട്ടിയിലും പട്ടരിലും പശുവിലും തുല്യദൃഷ്ടിയുള്ളയാളാണ് പണ്ഡിതൻ എന്നർത്ഥമുളള ഈ ഗീതാശ്ലോകം ഏത് ബ്രാഹ്മണ്യ മേൽക്കോയ്മയാണ് സ്ഥാപിക്കുന്നതെന്ന് ശ്യാം കുമാറിനെപ്പോലുള്ളവർ വിശദീകരിച്ചാൽ കൊള്ളാം. മനുസ്മൃതിയിലെ ബ്രാഹ്മണ്യ ഭർത്സന ശ്ലോകങ്ങളെക്കൂടി എടുത്തു കാണിക്കാം. മനുസ്മൃതിയിൽ പരാമർശിക്കാത്ത വിഷയങ്ങൾ സാമൂഹികജീവിതത്തിൽ ഉണ്ടായാൽ എങ്ങനെയാണത് ധർമ്മ നിർണയം ചെയ്തു പരിഹരിക്കേണ്ടതെന്ന് 12-ാം അധ്യായത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
‘അവ്രതാനാമമന്ത്രാണാം
ജാതി മാത്രോപജീവിനാം
സഹസ്രശഃ സമതാനാം
പാരഷത്വം ന വിദ്യതേ’ (യഥാവിധി ബ്രഹ്മചര്യാദി വ്രതങ്ങളനുഷ്ഠിക്കാതെയും സന്ധ്യാവന്ദനാദി ജപ ധ്യാനാദികൾ ചെയ്യാതെയും ബ്രാഹ്മണ ജാതിയിൽ ജനിച്ചു എന്നതുകൊണ്ടുമാത്രം ജീവിച്ചു വരുന്നവർ (ജാതിമാത്രോപജീവികൾ) ആയിരക്കണക്കിന് ഒരുമിച്ചുകൂടിയാലും അത് ആചാര്യ ധർമ്മസഭ അഥവാ പണ്ഡിത ധർമ്മ പരിഷത്ത് ആവില്ല — അധ്യായം12, ശ്ലോകം114). മനുസ്മൃതിയിൽ പറയാത്ത വിഷയങ്ങളിൽ ധർമ്മനിർണയം നടത്താൻ ജാതിമാത്ര ബ്രാഹ്മണരുടെ കൂട്ടായ്മയ്ക്ക് യാതൊരു അർഹതയും ഇല്ലെന്നർത്ഥം. ‘ജാതി മാത്രോപജീവിനാം’ എന്ന പ്രയോഗത്തിലെ നിശിതമായ ജാതി ബ്രാഹ്മണ്യ വിമർശനത്തിന് ‘പൂണൂൽ ഊണുനൂലാക്കിയോരെ‘ന്ന ഉണ്ണി നമ്പൂരി പ്രസ്ഥാനത്തിന്റെ ബ്രാഹ്മണ്യ വിമർശനത്തോളമെങ്കിലും പുരോഗമന സ്വഭാവമുണ്ട്. പരമധർമ്മം മോക്ഷം തന്നെയാണെന്നാണ് മനുസ്മൃതിയും പറയുന്നത്. എന്നാൽ പരമമായ മോക്ഷധർമ്മം ചണ്ഡാളനിൽ നിന്നും കൈക്കൊള്ളണം എന്നും മനു പറഞ്ഞിട്ടുണ്ട്. ചണ്ഡാളൻ യാഗശാലയിൽ പ്രവേശിക്കരുത് എന്നുപറഞ്ഞ മനുതന്നെയാണ് പരമമായ മോക്ഷധർമ്മം ചണ്ഡാളനിൽ നിന്നും സ്വീകരിക്കണം എന്നും പറഞ്ഞിട്ടുള്ളത്. ഇതിലേതെങ്കിലും ഒരു കാര്യം മാത്രം എടുത്തു കാട്ടി മനുസ്മൃതിയുടെ സ്വഭാവം ഇന്നതാണെന്ന് അന്തിമ വിധി പുറപ്പെടുവിക്കുന്നത്, ആവേശഭരിതമായേക്കാമെങ്കിലും ആലോചനാഭരിതമായിരിക്കില്ല. 

വിദ്യാസാഗർ ഗുരുമൂർത്തിയെയും രാഹുൽ ഈശ്വറിനെയും പോലുള്ളവർ മനുസ്മൃതി ചണ്ഡാളനിൽ നിന്നും മോക്ഷധർമ്മം സ്വീകരിക്കാം എന്നു പറഞ്ഞിട്ടുണ്ടെന്നു കാണിച്ച് കയ്യടി നേടും. എന്നാൽ ടി എസ് ശ്യാംകുമാറിനെയും ധർമ്മരാജ് അടാട്ടിനെയും പോലുള്ളവർ ചണ്ഡാളൻ പാഠശാലയിലും യാഗശാലയിലും കേറരുത് എന്നാണ് മനു അനുശാസിക്കുന്നത് എന്നതു മാത്രം പറഞ്ഞ് കയ്യടി നേടും. ഇത്തരം ഏകപക്ഷീയങ്ങളായ വൈകാരിക കയ്യടി കൊണ്ടു സംഭവിപ്പിക്കാവുന്നതല്ല ജ്ഞാനപുരോഗതിയും ബോധവിപ്ലവവും സമത്വോന്മുഖമായ സാമൂഹിക മുന്നേറ്റവും. അന്ധാരാധനകൊണ്ടോ അന്ധമായ നിഷേധം കൊണ്ടോ അല്ല, നെല്ലും പതിരും ചേറ്റിക്കൊഴിച്ചു വേർതിരിക്കുന്നവിധത്തിലുള്ള വിവേകബുദ്ധി കൊണ്ടു ചരിത്രത്തെയും പാരമ്പര്യത്തെയും അതിന്റെ മതപരവും മതേതരവുമായ സമകാലിക സ്വാധീനങ്ങളെയും വിശകലനം ചെയ്തു ബോധ്യപ്പെടുത്തി ജനജീവിതത്തിൽ ബോധപരിണാമം നടത്തേണ്ടതെന്ന് പുരോഗമന ജനാധിപത്യ ബുദ്ധിജീവികൾ വളരെ ഗൗരവത്തോടെ തിരിച്ചറിയണം. അല്ലാത്തപക്ഷം അവരുടെ പാരമ്പര്യപഠനം പാരമ്പര്യപൂജകരുടെ രാഷ്ട്രീയത്തിന് ആൾബലം കൂട്ടാനുള്ള നിഷേധാത്മക പ്രചാരണ പ്രവർത്തനമായി തീരും.
ഡോ. പി കെ പോക്കറുടെ പുതിയ പുസ്തകത്തിന്റെ പ്രകാശന വേദിയില്‍, ഗവേഷണപരമായ കണ്ടെത്തൽ എന്ന രീതിയില്‍ ഡോ. ശ്യാം കുമാർ വിഡ്ഢിത്തങ്ങൾ വാരി വിതറുന്നു. തത്വമസി എന്ന ഉപനിഷദ് വാക്യം നമ്മുടെ സ്വത്വത്തെ ഇല്ലാതാക്കുന്ന വാക്യമാണത്രേ. ‘നീ അതാകുന്നു’ എന്നത് സ്വത്വത്തെ ഇല്ലാതാക്കുന്ന മന്ത്രമാണെന്നാണ് വാദം. തീർച്ചയായും ജാതി-മത‑ദേശ‑കാല‑ലിംഗ സ്വത്വങ്ങൾ ഇല്ലാതാക്കുന്ന പരമമായ സാരതത്വ ബോധോദയമാണ് ‘തത്വമസി’ എന്ന മഹാവാക്യത്തിന്റെ ലക്ഷ്യം. ഒരു ബ്രാഹ്മണൻ അത് സാക്ഷാത്കരിച്ചാൽ അയാൾ ബ്രാഹ്മണ സ്വത്വം ഇല്ലാത്ത ആളായി അസ്തിത്വം കൊള്ളും; ചണ്ഡാളൻ തത്വമസി വാക്യം സാക്ഷാത്ക്കരിച്ചാൽ ചണ്ഡാള സ്വത്വം പൊയ്പ്പോയി അസ്തിത്വം കൊള്ളും. ഇത്തരം അസ്തിത്വം കൊള്ളൽ സ്വഭാവമാക്കിയ ബ്രാഹ്മണകുല ജാതനായ ഹരിദ്രുമന്റെയും ശൂദ്രനായ സത്യകാമ ജാബാലന്റെയും ഉപനിഷത്തു കൂടിയാണ് തത്വമസി വാക്യം ഉൾക്കൊള്ളുന്ന ഛന്ദോഗ്യോപനിഷത്ത്.
മനുഷ്യർ അവനവനെന്നറിയുന്നതെല്ലാം ആദിമമായ ആത്മരൂപമാണെന്നറിയാതെ, ജാതിഭേദവും മതദ്വേഷവും ഉള്ള സ്വത്വവാദികളായി തമ്മിൽത്തല്ലി കഴിയണം എന്നാണോ ഡോ. ശ്യാം കുമാർ ഉദ്ദേശിക്കുന്നത്. അങ്ങനെയാണെങ്കിലേ തത്വമസി സ്വത്വം ഇല്ലാതാക്കും എന്ന അദ്ദേഹത്തിന്റെ ഖണ്ഡന വിമർശനത്തിന് എന്തെങ്കിലും അർത്ഥം കല്പിക്കാനാകൂ. 

‘ഞാൻ മനുഷ്യനാണ്, നീയും മനുഷ്യനാണ്; നമ്മളിലെ അടിസ്ഥാന ഗുണം മനുഷ്യത്വമാണ്’ എന്നു ശ്രീനാരായണ ഗുരുവിനെപ്പോലൊരാൾ പറഞ്ഞാൽ, അതിനർത്ഥം നമ്മുടെ എല്ലാ സ്വത്വങ്ങളെയും- അവർണൻ, സവർണൻ, മുസ്ലിം, ക്രിസ്ത്യാനി, ബൗദ്ധൻ, ജൈനൻ തുടങ്ങിയവ- നിരാകരിക്കലും അതുവഴി സ്വത്വപ്രശ്നങ്ങൾ അവഗണിക്കലുമാണ് ഗുരൂക്തിയുടെ ലക്ഷ്യം എന്നാരെങ്കിലും പറയുമോ.
ഇതുപോലെ തത്വമസി എന്ന ഔപനിഷദോക്തി സ്വത്വബോധം ഇല്ലാതാക്കി സമൂഹത്തിലെ സ്വത്വപ്രശ്നങ്ങളെ അവഗണിപ്പിക്കാൻ ബ്രാഹ്മണ്യം ആസൂത്രിതമായി രൂപപ്പെടുത്തിയതാണെന്ന വാദവും തത്വഗ്രാഹ്യശേഷിയുളള മേധാവികൾ ശരിവയ്ക്കില്ല. നാരായണഗുരുവും വാഗ്ഭടാനന്ദ ഗുരുദേവനും ചട്ടമ്പി സ്വാമികളും മുതൽ നടരാജഗുരുവും സുകുമാർ അഴീക്കോടും കെ ദാമോദരനും ഉൾപ്പെടെയുള്ളവരുടെ പുരോഗമന ചിന്താഗതികൾ തത്വമസി മഹാവാക്യത്തിന്റെ ഉൾപ്പൊരുളറിഞ്ഞിട്ടുണ്ട്. അവരെക്കാൾ പുരോഗമന ബോധം ഉള്ളതിനാലാണ് ശ്യാം കുമാർ, തത്വമസി എന്ന തത്വവാക്യത്തിന് സ്വത്വനിരാകരണം എന്ന സ്വകല്പിതാർത്ഥ വ്യാഖ്യാനം ചമച്ചതെന്നു കരുതാൻ വയ്യ.
അമിതമായാൽ അവർണ സ്വത്വവാദവും സവർണ സ്വത്വവാദം പോലെ കടകം തിരിയുകയും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കേട്ടുകൂടായ്മയും സ്വഭാവമാക്കുകയും ചെയ്യും എന്നതല്ലാതെ മറ്റൊരു പുതുമയും ശ്യാം കുമാറിന്റെ ബ്രാഹ്മണ്യ വിരോധാധിഷ്ഠിത ഉപനിഷത്ത് പഠനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഇല്ല. തിരിഞ്ഞുകുത്തുന്ന ചുമടുകളെ ഏറ്റി നടക്കുന്നതാകരുത് ഇടതുപക്ഷ പുരോഗമന ജനാധിപത്യവാദികളുടെ ബൗദ്ധിക ജീവിതം എന്ന് ഓർമ്മപ്പെടുത്തി ഉപസംഹരിക്കുന്നു. 

Exit mobile version