Site iconSite icon Janayugom Online

എടക്കല്‍ ഗുഹയുടെ സംരക്ഷണം; സബ് കലക്ടറുടെ ഉത്തരവെങ്കിലും നടപ്പിലാകുമോ

സുല്‍ത്താന്‍ ബത്തേരി: ചരിത്ര പ്രസിദ്ധമായ എടക്കല്‍ ഗുഹയുടെ സംരക്ഷണത്തിനായി മലമുകളിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റണമെന്ന സബ് കലക്ടറുടെ ഉത്തരവ് പൂര്‍ണ്ണമായി നടപ്പിലായെങ്കില്‍ മാത്രമെ എടക്കല്‍ ഗുഹ സംരക്ഷിക്കപ്പെടുകയൊള്ളു. ഉത്തരവ് നടപ്പിലാകുമോ എന്ന കാര്യത്തില്‍ ചരിത്രാന്വേഷികള്‍ക്കും ശിലാലിഖിതങ്ങള്‍ ഉള്‍കൊള്ളുന്ന ഈ ചരിത്ര പൈതൃകം സംരക്ഷിക്കപ്പെടണമെന്നാഗ്രാഹിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ സംശയമാണ്.
മലമുകളില്‍ അനധികൃതമായി നിര്‍മ്മിച്ച ഏഴ് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 2009 ‑ല്‍ ഗുഹയുടെ സംരക്ഷണാര്‍ഥം മലമുകളിലേക്കുള്ള ട്രക്കിംഗ് ഉള്‍പ്പെടെ നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം കാറ്റില്‍ പറത്തിയാണ് നിര്‍മ്മാണവും മലമുകളിലേക്ക് ആളുകളും കയറികൊണ്ടിരുന്നത്. കേന്ദ്ര പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ എടക്കല്‍ ഗുഹയും അമ്പുകുത്തി മലനിരകളും സന്ദര്‍ശിച്ചപ്പോഴാണ് ഗുഹയുടെ സംരക്ഷണത്തിനായി കുറെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

ഇതില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു ഗുഹാ മുകളിലേക്കുള്ള ട്രക്കിംഗ് ഉള്‍പ്പെടെയുള്ളവയുടെ നിരോധനം. ഗുഹയുടെ ഏറ്റവും മുകള്‍ ഭാഗത്ത് നിന്ന് ഗുഹയിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങി ശിലാലിഖിതങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് നാശം സംഭവിക്കുമെന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ നിരോധനം നിലനില്‍ക്കെ തന്നെയാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി നിര്‍മ്മാണം നടന്നത്. കേന്ദ്ര പുരാവസ്തുവകുപ്പ് നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ അന്ന് തന്നെ വിഴ്ച പറ്റിയിരുന്നു. ഗുഹ സ്ഥിതി ചെയ്യുന്ന പ്രദേശം അളന്ന് തിട്ടപ്പെടുത്താനും ശിലാലിഖിതങ്ങള്‍ക്ക് മേല്‍ വെള്ളം വീണ് നശിക്കാതിരിക്കുന്നതിന് വേണ്ടി ഗുഹയുടെ മേല്‍ഭാഗം വലിയ ഗ്ലാസ് കൊണ്ട് കവചമൊരുക്കാനും നിര്‍ദേശിച്ചിരുന്നു. ഇവയൊന്നും തന്നെ നടപ്പിലായില്ല. സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനായി ആര്‍ക്കിയോളജി വകുപ്പ് റവന്യു വകുപ്പിന് നിര്‍ദേശം നല്‍കിയെങ്കിലും അതും നടപ്പിലായില്ല. 

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അമ്പുകുത്തി മലനിരകളെ പ്രകമ്പനം കൊള്ളിക്കുന്നുവെന്ന് ആര്‍ക്കിയോളജി വിഭാഗം നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് 2018‑ല്‍ എടക്കല്‍ അമ്പുകത്തി മലനിരകളിലായി ചെറുതും വലുതുമായി അറുപതോളം മണ്ണിടിച്ചിലുകളാണുണ്ടായത്. ഗുഹയുടെ കിഴക്കന്‍ ചെരുവില്‍ വലിയ തോതിലാണ് മണ്ണിടിച്ചില്‍ നടന്നത്. ഈ ഭാഗത്ത് ആള്‍ താമസമില്ലാത്തതിനാല്‍ അത്യാഹിതമെന്നും സംഭവിച്ചില്ല. ഗുഹയുടെ സംരക്ഷണം സംബന്ധിച്ച് ഒരു കമ്മറ്റി രൂപീകരിച്ച്. വിശദമായി കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇപ്പോള്‍ പൊളിച്ച് നീക്കാന്‍ പറഞ്ഞിരിക്കുന്ന കെട്ടിങ്ങളെപ്പറ്റിയെല്ലാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ചൂരല്‍മല‑മുണ്ടക്കൈ ഉരുള്‍പൊട്ടി ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി പ്രകമ്പനം കൊണ്ടിരുന്നു. അമ്പുകുത്തി എടക്കല്‍ മലനിരകളില്‍ ഇത് ശക്തമായി അനുഭവപ്പെട്ടു. ഇതോടെ നേരത്തെ രൂപീകരിച്ച കമ്മറ്റി ബന്ധപ്പെട്ട റവന്യു വകുപ്പിന് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. സബ് കലക്ടറുടെ ഉത്തരവിലൂടെ ഗുഹയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഇനിയെങ്കിലും കഴിയുമെന്ന പ്രതീക്ഷയിലാണ് ചരിത്രാന്വേഷികള്‍.

Exit mobile version