Site iconSite icon Janayugom Online

ഗൂഢാലോചനക്കേസ്; പി സി ജോർജിന് മുൻകൂർ ജാമ്യം

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിൽ മുൻ എംഎൽഎ പി സി ജോർജിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പി സി ജോർജിന് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ 24 മണിക്കൂറിനകം സ്റ്റേഷൻ ജാമ്യം നൽകണമെന്നും കോടതി നിർദ്ദേശം നൽകി.

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീൽ നൽകിയ പരാതിയിലാണ് സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ പി സി ജോർജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രിക്കെതിരെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകാൻ പി സി ജോർജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാർ കേസിലെ പ്രതിയായ സരിത മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്നതായാണ് സരിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തുന്നത്.

ഗൂഢാലോചനയ്ക്കായി പി സി ജോർജ് 19 തവണ സ്വപ്നയോട് സംസാരിച്ചതിന്റെ ഫോൺരേഖ പുറത്ത് വന്നിരുന്നു. 14 തവണ ജോർജും അഞ്ച് തവണ തിരിച്ചും വിളിച്ചിട്ടുണ്ട്. ക്രൈം നന്ദകുമാറും സ്വപ്നയുമായി ഫോണിൽ സംസാരിച്ചതിന്റെയും തെളിവു പുറത്തുവന്നിരുന്നു.

വിദ്വേഷ പ്രസംഗത്തിന് പി സി ജോർജ് ജയിലിലായതിനും ബിജെപി നേതാവ് കെ സുരേന്ദ്രൻ ജാമ്യമില്ലാ കേസിലായതിനും പിന്നാലെയാണ് സ്വപ്ന പുതിയ ആരോപണ നാടകവുമായെത്തിയത്. ഇത് ഗൂഢാലോചന തെളിയിക്കുന്നതാണ്. അതിനിടെ സ്വപ്ന തന്നെ വന്നുകണ്ടതായി സരിത എസ് നായരോട് പറയുന്ന പി സി ജോർജിന്റെ ഫോൺ സംഭാഷണവും ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു.

സ്വപ്നയും സരിത്തും ഒരുമിച്ചാണ് വന്നതെന്നും ജോർജ് പറയുന്നു. സ്വപ്നയ്ക്ക് പലതും പറയാനുണ്ടെന്ന് പി സി ജോർജ് സരിതയോടുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്. എൻഐഎ പിണറായിയുടെ ടീമാണെന്നും ജോർജ് പറയുന്നു. സരിതയുമായി സംസാരിച്ചെന്ന് സമ്മതിച്ച ജോർജ്, സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസിൽ തന്നെ വന്നു കണ്ടിരുന്നതായും ന്യൂസ് ചാനലിനോട് പറഞ്ഞു. ഏപ്രിലിലാണ് സംസാരിച്ചത്. പറഞ്ഞതെല്ലാം വെള്ളക്കടലാസിൽ എഴുതി തന്നെന്നും ജോർജ് പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നിൽ കൂടുതൽ രാഷ്ട്രീയബന്ധമുണ്ടെന്നും വരും ദിവസം കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും പിന്നീട് സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Eng­lish summary;Conspiracy case; Antic­i­pa­to­ry bail for PC George

You may also like this video;

Exit mobile version