Site iconSite icon Janayugom Online

ഗൂഡാലോചന കേസ്; ദിലീപിന്റെ ചോദ്യം ചെയ്യൽ നാളെ പൂർത്തിയാകും

dileepdileep

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെയും മറ്റ് നാല് പ്രതികളുടെയും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ രാവിലെ ഒമ്പതിനാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടുവരെ തുടർന്നു. മൂന്ന് ദിവസമാണ് ദിലീപിനെയും കൂട്ട് പ്രതികളെയും ചോദ്യം ചെയ്യുവാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് അനുവാദം നൽകിയിരിക്കുന്നത്. നാളെയും കൂടി ചോദ്യം ചെയ്യൽ തുടരും.

കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയും ചില ഡിജിറ്റൽ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ രേഖകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും ചോദ്യം ചെയ്യൽ നടന്നത്. ഇതിന് പുറമേ കൂട്ടുപ്രതികളായ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരെ ആദ്യം ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികൾ തമ്മിലുണ്ടായ വൈരുദ്ധ്യവും അന്വേഷണ സംഘം വിലയിരുത്തി. ഇതിനായി അഞ്ച് പേരെ ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സംവിധായകന്മാരായ റാഫി, അരുൺ ഗോപി എന്നിവരിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് എന്ന സിനിമയിൽ നിന്ന് പിൻമാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ തന്നെയാണെന്ന് റാഫി മൊഴി നൽകിയതിന് ശേഷം പ്രതികരിച്ചു. ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാർ പറഞ്ഞിട്ടില്ല. പക്ഷേ പിക് പോക്കറ്റ് സിനിമ നീണ്ട് പോകുന്നതിൽ ബാലചന്ദ്രകുമാറിന് വിഷമം ഉണ്ടായിരുന്നുവെന്നും റാഫി പറഞ്ഞു.

ദിലീപിനെ നായകനാക്കി ചിത്രീകരിക്കാനുദ്ദേശിച്ചാണ് ബാലചന്ദ്രകുമാർ സിനിമക്ക് തിരക്കഥയെഴുതിയത്. പിക് പോക്കറ്റിന്റെ തിരക്കഥ മിനുക്ക് പണിക്കായി 2018 ലാണ് തന്റെ കൈവശം ഏൽപ്പിക്കുന്നത്. ഇതേ സമയത്ത് പറക്കും പപ്പൻ എന്ന പേരിൽ ദിലീപിനെ വെച്ച് മറ്റൊരു സിനിമയ്ക്കും താൻ തിരക്കഥ തയ്യാറാക്കുന്നുണ്ടായിരുന്നു. ആനിമേഷൻ വർക്കുകൾ കൂടുതലുള്ള ചിത്രമായതിനാൽ പറക്കും പപ്പൻ എന്ന സിനിമ ആദ്യം തീർക്കാൻ ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്നും പിക് പോക്കറ്റ് ഉപേക്ഷിച്ചിട്ടുണ്ടായിരുന്നില്ലെന്നും റാഫി പറഞ്ഞു.

സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് നൽകിയ ഓഡിയോ ക്ലിപ്പിൽ സംവിധായകൻ അരുൺ ഗോപിയുടെ ശബ്ദവുമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് അന്വേഷണ സംഘം സംവിധായകനെ വിളിച്ചുവരുത്തിയത്. ദിലീപിന്റെ നിർമാണ കമ്പനിയിൽ നടത്തിയ റെയ്ഡിനെ തുടർന്ന് പിടിച്ചെടുത്ത രേഖകളിൽ സംശയം തോന്നിയത് ദുരീകരിക്കാൻ ഗ്രാന്റ് പ്രൊഡക്ഷൻസ് ജീവനക്കാരനെയും വിളിച്ചുവരുത്തി മൊഴിയെടുത്തു.

Eng­lish Sum­ma­ry: Con­spir­a­cy case; Dileep­’s inter­ro­ga­tion will end tomorrow

You may like this video also

Exit mobile version