Site iconSite icon Janayugom Online

വധഗൂഢാലോചന കേസ്; സായ് ശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല

വധഗൂഢാലോചനക്കേസിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ സൈബർ വിദഗ്ധൻ സായ് ശങ്കർ ഹാജരായില്ല. കോവിഡിന്റെ ലക്ഷണങ്ങളുണ്ടെന്നും പത്തുദിവസത്തെ സാവകാശം വേണമെന്നും സായ്ശങ്കർ ക്രൈംബ്രാഞ്ചിന് മറുപടി നൽകി. കേസിലെ പ്രതിയായ ദിലീപിന്റെ മൊബൈൽ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിനാണ് സായ് ശങ്കറെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചത്.

വധഗൂഢാലോചനക്കേസിൽ പ്രതി ദിലീപിന്റെ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കർ തന്നെയാണെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. 2022 ജനുവരി 29 മുതൽ 31 വരെയുള്ള തീയതികളിൽ കൊച്ചിയിലെ രണ്ടു ഹോട്ടലുകളിൽ താമസിച്ചാണ് സായ് ശങ്കർ തെളിവുകൾ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.

കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും പനമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും ഇയാൾ ഇതിനായി മുറിയെടുത്തിരുന്നു എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിച്ചതിന് സായ് ശങ്കറെയും കേസിൽ പ്രതിയാക്കുമെന്നാണ് സൂചന.

സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്ലാറ്റുകളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ ചില വിവരങ്ങൾ സായ്ശങ്കറിന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വളരെ മുമ്പേ തന്നെ നശിച്ചുപോയെന്ന് ദിലീപ് കോടതിയെ അറിയിച്ച ഫോണിലെ ചില നിർണായക വിവരങ്ങളാണ് സായ് ശങ്കറിന്റെ പക്കലുള്ളതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

തെളിവുകൾ നശിപ്പിക്കാൻ ദിലീപ് നൽകിയ ഫോണുകളിൽ നിന്നും മായ്ച്ചു എന്ന് അവകാശപ്പെട്ട വിവരങ്ങൾ സായ്ശങ്കർ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്തു വച്ചിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസിൽ നിർണായക തെളിവായി മാറുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതിനിടെ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉപയോഗിച്ച ഐ മാക് അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തു. വധഗൂഢാലോചനക്കേസിൽ അഡ്വ. രാമൻപിള്ള അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രൻ അറിയിച്ചു. ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ദീലിപിനെ ഫോൺ ചെയ്തതും അന്വേഷിക്കുന്നതായി എസ്‌പി അറിയിച്ചു.

eng­lish sum­ma­ry; Con­spir­a­cy case; Sai Shankar did not appear for questioning

you may also like this video;

Exit mobile version