Site iconSite icon Janayugom Online

മണ്ഡല പുനർനിർണയം; ഐക്യദാർഢ്യ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രിക്കും ബിനോയ് വിശ്വത്തിനും ക്ഷണം

ഏകപക്ഷീയമായി പാർലമെന്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെ യോജിച്ച നീക്കം. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മൂല്യങ്ങൾ കാറ്റിൽ പറത്തി ലോക്‌സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കേന്ദ്രം നടത്തുന്ന തിരക്കിട്ട നീക്കങ്ങൾക്കെതിരെ ചെന്നൈയിൽ വിളിച്ചു ചേർക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും തമിഴ്‌നാട് മുഖ്യമന്ത്രി ക്ഷണിച്ചു. 

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതിനിധികളായി ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ, ഡോ. തമിഴച്ചി തങ്ക പാണ്ഡ്യൻ എംപി എന്നിവർ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. ഈ മാസം 22ന് ചെന്നൈയിൽ നടക്കുന്ന സമ്മേളനത്തോടും ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടിനോടുമുള്ള ഐക്യദാർഢ്യം മുഖ്യമന്ത്രി അവരെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തിയ അവർ എം കെ സ്റ്റാലിന്റെ ആത്മകഥ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. 

ഇരുവരും എംഎന്‍ സ്മാരകത്തിലെത്തിയാണ് ബിനോയ് വിശ്വത്തിന് കത്ത് കൈമാറിയത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, പശ്ചിമബംഗാള്‍, ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ 22നാണ് പരിപാടി. പ്രക്ഷോഭത്തിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പൂര്‍ണ പിന്തുണ അറിയിച്ചു.

Exit mobile version