സംസ്ഥാനത്തെ എൻഡിഎ മുന്നണിയിൽ അർഹമായ സീറ്റുകളും അംഗീകാരവും നൽകാതെ ഘടക കക്ഷികളെ ഒതുക്കി. സ്ഥാനാർഥി പ്രഖ്യാപന സമ്മേളനങ്ങളിലും കൺവെഷനുകളിലും ഘടക കക്ഷി നേതാക്കൾക്ക് പരിഗണനയില്ല.
ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ മുന്നണിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും നിലവിൽ വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത അവസ്ഥയിലാണെന്ന് ഘടക കക്ഷി നേതാക്കൾ ആരോപിക്കുന്നു. ബിഡിജെഎസ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ്, ലോക് ജനശക്തി പാർട്ടി (രാം വിലാസ് ), ജനതാദൾ സോഷ്യലിസ്റ്റ്, കേരള കാമരാജ് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികളോട് ബിജെപി പുലര്‍ത്തുന്ന അവഗണനക്കെതിരെ പ്രതിഷേധം ശക്തമാണ്.
ബിജെപിയിൽ നിലനിൽക്കുന്ന വിഭാഗീയത മുന്നണിയുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മറ്റു പാർട്ടികളിൽ നിന്നും വരുന്നവർക്ക് സീറ്റും വലിയ പരിഗണനയും ബിജെപി വെച്ച് നീട്ടുമ്പോൾ ഘടക കക്ഷികളായ പാർട്ടികൾക്ക് വേരോട്ടമുള്ള നഗരസഭകളിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും സിറ്റിങ് സീറ്റ് പോലും തങ്ങൾക്ക് സ്വാധീനമുള്ള ഇടങ്ങളിൽ നൽകാതെ ബോധപൂർവം അവഗണിക്കപ്പെട്ടിരിക്കുകയാണെന്ന് ഘടക കക്ഷിയിലെ പ്രവർത്തകർ പറയുന്നു.
ബിജെപി നേതൃത്വത്തിനെതിരെ ആക്ഷേപങ്ങൾ ഉന്നയിച്ച് കൗൺസിലർമാരും നേതാക്കളിൽ പലരും രാജിവെച്ച് മറ്റു പാർട്ടികളിലേക്ക് പോകുന്ന സാഹചര്യവും നിലനിൽക്കുകയാണ്. തെരെഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിട്ട് ദിവസങ്ങളായിട്ടും ബിജെപി സ്ഥാനാർഥികൾക്കായി എൻഡിഎ ഘടക കക്ഷിയിലെ പ്രധാന നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തിറങ്ങാത്തതും മുന്നണിയിൽ നിലനിൽക്കുന്ന കലഹമാണ് വെളിപ്പെടുത്തുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ ബിഡിജെഎസിൽ അമർഷം പുകയുകയാണ്. അർഹമായ സീറ്റ് നൽകാത്തതാണ് വിഷയം.
എറണാകുളത്ത് നാഷണലിസ്റ്റ് കേരള കോൺഗ്രസ്സും പ്രതിസന്ധിയിലാണ്. ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് നൽകിയിട്ടില്ല. അവിടെ മത്സരിച്ച സംസ്ഥാന ട്രഷറർ രാജിവെച്ച് ആർഎസ്പിയിൽ ചേരുകയും ചെയ്തു. തൃക്കാക്കര നഗരസഭയിൽ പാലച്ചുവട് ഡിവിഷനിൽ സംസ്ഥാന നേതാവിനെ മത്സരിപ്പിക്കാനായി സീറ്റ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കോർപ്പറേഷനിലും പരിഗണന ലഭിച്ചില്ല. എൽജെപി ക്ക് ഏലൂർ നഗരസഭയിൽ ഒരു സീറ്റ് മാത്രമാണ് ഉള്ളത്. പിന്നെ വയനാടാണ് സീറ്റ്. സംസ്ഥാനത്ത് ഇത്തരമൊരു അവഗണന ഉണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഘടക കക്ഷി നേതാക്കൾ പറയുന്നത്.
ഘടകകക്ഷികളെ ഒതുക്കി; എൻഡിഎയിൽ കലഹം

