Site iconSite icon Janayugom Online

ഭരണഘടന സംരക്ഷിക്കപ്പെടണം

1949 നവംബർ 26ന് രാജ്യത്ത് ഭരണഘടന അംഗീകരിക്കപ്പെട്ടു. 1950 ജനുവരി 26ന് നിലവിൽ വന്നു. 1976 ഡിസംബർ 18ന് 42-ാം ഭേദഗതിയിലൂടെ ആമുഖത്തിൽ സെക്യുലർ (മതേരത്വം) എന്ന പദം ഉൾപ്പെടുത്തി. പൗരസ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും തീക്ഷ്ണമായി ഉൾച്ചേർന്ന ഇന്ത്യ എന്ന ആശയം മൂർത്തരൂപം കൈവരിച്ചതിന്റെ അടിസ്ഥാനഘടകമായിരുന്നു ഭരണഘടന. എല്ലാ മതങ്ങളെയും ഒരേപോലെ ബഹുമാനിക്കണം, രാജ്യത്തിന്റേത് എന്ന് അടയാളപ്പെടുത്തിയൊരു മതവുമില്ല എന്ന് രാജ്യത്തിന്റെ ഭരണഘടന അടിവരയിടുന്നു. എല്ലാ പൗരന്മാർക്കും ഇച്ഛയ്ക്കനുസരിച്ച് സ്വന്തം മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും അനുവാദമുണ്ട്. അലക്സാണ്ടർ ഒവിക്സ് മതേതരത്വത്തിന്റെ അർത്ഥം ഇങ്ങനെ വിശദീകരിക്കുന്നു, “മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ്. അതിന്റെ ഉള്ളടക്കം സ്വാതന്ത്ര്യവും എല്ലാ മതങ്ങളോടും ബഹുമാനവുമാണ്.” സാമ്രാജ്യത്വവിരുദ്ധ പ്രത്യയശാസ്ത്ര ദർശനമായി അത്. പ്രായപൂർത്തി വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ പ്രവിശ്യാ അസംബ്ലികളിലെ അംഗങ്ങൾ പരോക്ഷമായി തെരഞ്ഞെടുക്കുന്ന ഭരണഘടനാ അസംബ്ലിയും ഭരണഘടനയുടെ രൂപീകരണവും ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ ശക്തമായി ഉയർന്നിരുന്നു. ഇത് ബ്രിട്ടീഷ് സര്‍ക്കാരില്‍ വലിയ സമ്മർദം ചെലുത്തി. തുടർന്ന് 1946ൽ ഭരണഘടനാ അസംബ്ലിയുടെ രൂപീകരണം അംഗീകരിച്ചു. ഭരണഘടന ഇന്ത്യൻ ജനതയുടെ ദീർഘനാളത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമായി. അത് മോചനവഴിയും പോരാട്ടത്തിന്റെ ഫലവുമായിരുന്നു. ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായി വർത്തിക്കുന്നവയെല്ലാം ദേശീയ പ്രസ്ഥാനത്തിന്റെ പ്രക്രിയയിൽ ജനങ്ങൾക്കിടയിൽ സന്നിവേശിപ്പിക്കപ്പെട്ടിരുന്നു. ഭരണഘടനാ ആമുഖത്തിൽ തന്നെ രേഖപ്പെടുത്തിയിരിക്കുന്ന മാർഗനിർദേശക തത്വം നെഹ്രു തയ്യാറാക്കിയ പ്രസിദ്ധമായ നിഷ്പക്ഷ പ്രമേയത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ഇത് 1947 ജനുവരി 22ന് ഭരണഘടനാ അസംബ്ലി അംഗീകരിച്ചു. 

തുല്യനീതി, ചിന്ത, ആവിഷ്കാരം, വിശ്വാസം, ആരാധന എന്നിവയുടെ സ്വാതന്ത്ര്യവും പദവിയുടെയും അവസരങ്ങളുടെയും തുല്യതയും ഭരണഘടന ഉറപ്പുനൽകുന്നു. വ്യക്തിയുടെ അന്തസും രാഷ്ട്രത്തിന്റെ ഐക്യവും ഉറപ്പുനൽകുന്ന സാഹോദര്യമനോഭാവം പൗരന്മാർക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധചെലുത്തുന്നു. രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക് രാജ്യമായി ഉയർത്തിക്കാട്ടുന്നു. ഭരണഘടനയുടെ പ്രധാന ഭാഗം ഭരണകൂടം ഉറപ്പാക്കുന്ന മൗലികാവകാശങ്ങളാണ്. തുല്യതയ്ക്കുള്ള അവകാശം, ചൂഷണത്തിനെതിരായ സ്വാതന്ത്ര്യം, സ്വന്തം മതം സ്വീകരിക്കുക, വ്യക്തികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഏകപക്ഷീയമായ ഭരണകൂട നടപടികളിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശം തുടങ്ങിയവ മൗലികാവകാശങ്ങളിൽ എണ്ണപ്പെടുന്നു. നിർദ്ദേശക തത്വങ്ങൾ “ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന്” ലക്ഷ്യമിടുന്നു. നിയമനിർമ്മാണ സഭകൾക്കും സംസ്ഥാനങ്ങൾക്കും ഇത് മാർഗനിർദേശങ്ങളായി. രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന മാർഗനിർദേശക തത്വങ്ങൾ വ്യക്തിസ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ ഒരു ആധുനിക, പുരോഗമന, മതേതര, സമത്വ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള വസ്തുനിഷ്ഠമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിന് മാർഗമാകുന്നു. ഭരണഘടന രാജ്യത്ത് സമ്മിശ്ര സംസ്കാരത്തിന്റെ ലോകം ഉറപ്പാക്കുന്നു. ഇത് നാനാത്വത്തിലും പരസ്പര സ്നേഹത്തിലും ബഹുമാനത്തിലും കേന്ദ്രീകരിക്കുന്ന ഏകത്വത്തിന്റെ പ്രതീകമാകുന്നു. 

എന്നാൽ, മതേതര ജനാധിപത്യ വ്യവസ്ഥ കെട്ടിപ്പടുക്കപ്പെട്ട ആണിക്കല്ലായ ഭരണഘടനയുടെ ആത്മാവിനെ നശിപ്പിക്കാൻ വലതുപക്ഷ ശക്തികൾ ഉത്സുകരാണ്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിന്റെ അടിസ്ഥാന സവിശേഷതകൾ മുടിക്കുന്ന നിലപാട് ആർഎസ്എസ് ലക്ഷ്യം വച്ചിരുന്നു. ആധുനികവും മതേതരവുമായ ലോകവീക്ഷണം ഉയർത്തിപ്പിടിച്ചുള്ള ഭരണഘടന നിലവിൽ വന്നതുമുതൽ, ആർഎസ്എസ് അതിനെതിരെ പ്രതിഷേധിച്ചുകൊണ്ടേയിരുന്നു. ആർഎസ്എസ് പ്രസിദ്ധീകരണം ഓർഗനൈസർ, 1949 നവംബർ 30ന് ‘ഭരണഘടന’ എന്ന തലക്കെട്ടിൽ എഡിറ്റോറിയൽ എഴുതി, “ഭാരതത്തിന്റെ പുതിയ ഭരണഘടനയിലെ ഏറ്റവും മോശം കാര്യം അതിൽ ഭാരതീയമായി ഒന്നുമില്ല എന്നതാണ്. പുരാതന ഭാരതീയ ഭരണഘടനാ നിയമങ്ങൾ, സ്ഥാപനങ്ങൾ, നാമകരണങ്ങൾ, പദസമുച്ചയങ്ങൾ എന്നിവയിൽ യാതൊരു അടയാളവുമില്ല. മനുവിന്റെ നിയമങ്ങൾ സ്പാർട്ടയിലെ ലൈക്കർഗസിനും പേർഷ്യയിലെ സോളണിനും വളരെ മുമ്പേ എഴുതപ്പെട്ടതാണ്. മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ ഇന്നും ലോകത്തിന്റെ പ്രശംസ നേടുന്നു. എന്നാൽ നമ്മുടെ ഭരണഘടനാ പണ്ഡിതന്മാർ അതൊന്നും പരിഗണിക്കുന്നതേയില്ല.” എങ്ങനെ ഇന്ത്യ ഭരിക്കണമെന്ന് ആർഎസ്എസ് സങ്കല്പിച്ചുവോ അതേ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലേക്ക് കഴിഞ്ഞ പത്തുവർഷങ്ങളിലധികമായി രാജ്യം നീങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയിൽ പ്രചരിപ്പിച്ചതും വർഷങ്ങളായി പരിപോഷിപ്പിച്ചതുമായ ആദർശങ്ങളുടെ അപചയത്തിന് ഇന്ത്യ സാക്ഷ്യംവഹിച്ചു. പല ബിജെപി നേതാക്കളും നിലവിലെ ഭരണഘടന ഇല്ലാതാക്കി പുതിയ ഭരണഘടന കൊണ്ടുവരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയ്ക്ക് 75 വയസ് തികഞ്ഞെങ്കിലും അതിന്റെ പ്രസക്തി ഒട്ടും തന്നെ മങ്ങിയിട്ടില്ല. ഗാന്ധിജി പറഞ്ഞിരുന്നു, “രാജ്യത്തിന്റെ ശുദ്ധരക്തംകൊണ്ട് വാങ്ങേണ്ട ഒരു നിധിയാണത് അത്.” 

പക്ഷെ, ഭരണഘടനയും അതിന്റെ പൈതൃകവും ഇന്ന് ഭീഷണിയിലാണ്. എല്ലാ മതേതര ശക്തികളുടെയും ഐക്യമാണ് അതിനെ സംരക്ഷിക്കാനുള്ള ഏക പോംവഴി. ഭരണഘടനാ ശില്പികളുടെ കാഴ്ചപ്പാട്, മതേതരവും ജനാധിപത്യപരവുമായിരുന്നു. എന്നാൽ വർത്തമന ഇന്ത്യയുടെ യാഥാർത്ഥ്യം വ്യത്യസ്തവും വേറിട്ടതുമാണ്. യൂണിയൻ സർക്കാരിനെ നിയന്ത്രിക്കുന്ന ആർഎസ്എസ് ഭരണഘടനയുടെ കാതലായ സവിശേഷതകളെ ആക്രമിക്കുന്നു. ഭരണഘടനയുടെ സ്ഥാനത്ത് ഹിന്ദുത്വ വർഗീയത പ്രത്യയശാസ്ത്രമാക്കണമെന്ന് ആഗ്രഹിക്കുന്നു. യൂണിയൻ സർക്കാരിനെ ആർഎസ്എസ് നയിക്കുന്നതും ഈ ആഗ്രഹ പൂർത്തീകരണത്തിനാണ്. 

Exit mobile version