Site iconSite icon Janayugom Online

ഭരണഘടന പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെയും ആകെത്തുക: ചീഫ് ജസ്റ്റിസ്

ചരിത്രപരമായി അധികാരത്തിലിരുന്നവരും സമൂഹത്തില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരും തമ്മിലുള്ള സാമൂഹ്യ ഉടമ്പടിയാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നിയമപരമായ ഒരു രേഖയല്ല മറിച്ച് അനീതി നേരിടേണ്ടിവന്നവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതരുടെയും സ്ത്രീകളുടെയും ഉള്‍പ്പെടെ നീതിക്കായുള്ള പോരാട്ടത്തിന്റെ കഥ കൂടിയാണ് ഇന്ത്യന്‍ ഭരണഘടന. സുപ്രീം കോടതിയില്‍ നടന്ന ഭരണഘടനാ ദിനാചരണത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ സ്വാതന്ത്രവും സമത്വവും സംബന്ധിച്ച ആശയങ്ങളുമായി മുന്നോട്ടു വന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായിരുന്നു. കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ബാക്കിപത്രമാണ് ഭരണഘടന. പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ നിയമ മേഖലയിലേക്ക് കൂടുതല്‍ കടന്നു വരണമെന്നും ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്തു.

ജനങ്ങള്‍ കോടതിയിലേക്ക് എത്തുന്നതിനു പകരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോടതി ജനങ്ങളിലേക്ക് എത്തണം. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഇക്കാര്യത്തില്‍ മുന്നേറ്റങ്ങള്‍ ഉണ്ടാകണം. വിര്‍ച്വല്‍ കോര്‍ട്ട് സംവിധാനത്തിലൂടെ രാജ്യത്ത് എവിടെയുമുള്ള അഭിഭാഷകര്‍ക്ക് സുപ്രീം കോടതിയില്‍ കേസ് വാദിക്കാന്‍ കഴിയുന്നുണ്ട്. കേസിന്റെ ലിസ്റ്റിങ്ങിലും വാദം കേള്‍ക്കലിലും സാങ്കേതികവിദ്യയിലൂടെ കാര്യക്ഷമമായ കൂടുതല്‍ ഇടപെടല്‍ നടത്താനും കാലതാമസം ഒഴിവാക്കാനും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Con­sti­tu­tion Sum of Strug­gle and Sac­ri­fice: Chief Justice

You may also like this video

Exit mobile version