Site iconSite icon Janayugom Online

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ റദ്ദാക്കണം: നിഷികാന്ത് ദുബെ

പഹല്‍ഗാമിലെ തീവ്രവാദ ആക്രമണത്തിന് പിന്നാലെ വിവാദ ആഹ്വാനവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത്. മതപരമായ കാര്യങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങള്‍ റദ്ദാക്കണമെന്ന് അദ്ദേഹം എക്സില്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ട ശേഷം വോട്ട് ബാങ്കിനായി ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കി ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരാക്കിയവര്‍ പഹല്‍ഗാമിനെ കുറിച്ച് പറയണം, മതത്തിന്റെ അടിസ്ഥാനത്തിലാണോ ആളുകളെ കൊന്നത്? അനുച്ഛേദം 26 ന്യൂനപക്ഷങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാനും സ്വത്ത് കൈകാര്യം ചെയ്യാനും അനുവദിക്കുന്നു. 

മതപരമായ നികുതികളിലെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് അനുച്ഛേദം 27 പറയുന്നത്. 28ല്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ നിര്‍ദേശങ്ങളിലോ, ആരാധനയിലോ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. 29 ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നു, അതില്‍ പ്രത്യേക ഭാഷ, ലിപി അല്ലെങ്കില്‍ സംസ്കാരം എന്നിവ സംരക്ഷിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നു. രാജ്യത്തെ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്ന ആരോപണത്തിന് പിന്നാലെയാണ് ദുബെ വീണ്ടും വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയായ ദുബെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 

Exit mobile version