Site icon Janayugom Online

ദുരിതബാധിതർക്ക് വീട് നിർമ്മിക്കാൻ വിലക്കിഴിവിൽ നിർമ്മാണ സാമഗ്രികൾ നൽകും: മന്ത്രി കെ രാജൻ

കൂട്ടിക്കൽ പ്രളയദുരന്ത ബാധിതർക്ക് വീടു നിർമിക്കാൻ ഭവനനിർമ്മാണ സാമഗ്രികൾ 15 ശതമാനം വിലക്കിഴിവിൽ ലഭ്യമാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ പൂഞ്ഞാർ, കാഞ്ഞിരപ്പളി നിയോജക മണ്ഡലങ്ങളിൽ പൂർണമായി വീടു നഷ്ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണോദ്ഘാടനം കൂട്ടിക്കലിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ കലവറ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടുനഷ്ടപ്പെട്ടവർക്ക് ഭവനനിർമാണ സാമഗ്രികൾ ലഭ്യമാക്കുക.

കേരളത്തിൽ ആദ്യമായി ദുരിതാശ്വാസധന സഹായം ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കാൻ സാധിച്ചത് കൂട്ടിക്കലിലാണ്. ദുരന്തം സംഭവിച്ചു മൂന്നു മാസത്തിനുള്ളിൽ തന്നെ ദുരിതാശ്വാസ ധനസഹായം വിതരണം ആരംഭിച്ചിരുന്നു. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു ദുരന്ത നിവാരണ സാക്ഷരതാ യജ്ഞത്തിനു സർക്കാർ തുടക്കം കുറിക്കും. സാക്ഷരത യജ്ഞം പോലെ ദുരന്തനിവാരണ വിവിധ സർക്കാർ വകുപ്പുകളെയും സംഘടനകളെയും പൊതുജനങ്ങളെയും യജ്ഞത്തിൽ ഉൾപ്പെടുത്തുമെന്നും റവന്യു മന്ത്രി പറഞ്ഞു.

ദുരിതബാധിതർക്ക് ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ ബാങ്കിലേക്ക് ദുരിതാശ്വാസധനസഹായം എത്തിക്കാൻ സർക്കാരിനായതായി യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ രക്ഷാപ്രവർത്തനമാണ് കൂട്ടിക്കലിൽ നടന്നത്. രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ വിവിധ വകുപ്പുകളെയും സംഘടനകളെയും ജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറ അബ്ദുൾ ഖാദർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ആർ അനുപമ, ശുഭേഷ് സുധാകരൻ, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കക്ഷിനേതാക്കളായ സി കെ ശശിധരൻ, കെ രാജേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി താലൂക്കിൽ പൂർണമായും വീടു നഷ്ടപ്പെട്ട 47 പേർക്കുള്ള ധനസഹായമാണ് മന്ത്രി വിതരണം ചെയ്തത്.

eng­lish sum­ma­ry; Con­struc­tion mate­ri­als will be pro­vid­ed at dis­count­ed rates to build hous­es for the dis­tressed: Min­is­ter K Rajan

you may also like this video;

Exit mobile version