Site iconSite icon Janayugom Online

അങ്കമാലി- എരുമേലി ശബരിപാതയുടെ നിര്‍മ്മാണം : കളവു പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

അങ്കമാലി- എരുമേലി ശബരിപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രം കള്ളം ആവര്‍ത്തിക്കുകയാണ് .പദ്ധതിയുടെ പകുതി ചെലവ് എടുക്കുന്നതില്‍ കേരളം നിലപാട് അറിയിച്ചില്ലെന്നാണ് ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ്ങ് നല്‍കുന്ന മറുപടി.പദ്ധതി നടപ്പാക്കുമ്പോൾ വരുന്ന ചെലവിന്റെ പകുതി നൽകാമെന്ന്‌ 2021 ജനുവരി ഏഴിന്‌ സംസ്ഥാന മന്ത്രിസഭ കേന്ദ്രത്തെ അറിയിച്ചിരുന്നു.

തുടർന്ന്‌ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ മന്ത്രിയെ നേരിൽകണ്ടപ്പോഴും ഇക്കാര്യം അറിയിച്ചിരുന്നു. 2815 കോടി രൂപയാണ്‌ നേരത്തെ പദ്ധതിക്കായി ചെലവ്‌ കണക്കാക്കിയിരുന്നത്‌. 2023ൽ അത്‌ 3810.69 കോടിയായി ഉയർന്നു. കെ റെയിൽ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട്‌ കേന്ദ്രവും റെയിൽവേയും അംഗീകരിച്ചതാണ്‌. ആ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ പകുതിനൽകാമെന്ന്‌ കേരളം വ്യക്തമാക്കിയിരുന്നു.ഗതാഗതവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി 2024 ആഗസ്‌ത്‌ 29 ന്‌ റെയിൽവേ ബോർഡ് ചെയർമാന്‌ വീണ്ടും കത്തെഴുതി.

കിഫ്‌ബി വഴി എടുക്കുന്ന വായ്‌പ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ ഇതിൽ ആവശ്യപ്പെട്ടിരുന്നു. ഒന്നരമാസം കഴിഞ്ഞിട്ടും കേന്ദ്രമോ റെയിൽവേ ബോർഡോ മറുപടി നൽകിയില്ല. 16 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി അബ്ദുറഹിമാൻ എന്നിവർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ഡൽഹിയിലെത്തി കണ്ടപ്പോൾ ഇക്കാര്യം വീണ്ടും വിശദീകരിച്ചു. 1997–-98ൽ അംഗീകാരം ലഭിച്ച പദ്ധതിയാണ് 2019 മുതൽ കേന്ദ്രം മരവിപ്പിച്ചത്‌.പദ്ധതിക്കായി അങ്കമാലിയിൽനിന്ന്‌ 70 കിലോമീറ്റർ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചിരുന്നു. ഇരുപതിലേറെ വർഷമായി ഭൂമി വിൽക്കാനോ മറ്റ്‌ നിർമാണപ്രവർത്തനങ്ങൾ നടത്താനോ കഴിയാത്തതെ പ്രയാസം അനുഭവിക്കുകയാണ്‌ ഭൂവുടമകൾ

Exit mobile version