ഗതാഗതം നിയന്ത്രിക്കാതെയുള്ള ദേശീയപാത നിർമ്മാണത്തിനിടെ മേൽപ്പാലത്തിൽ സിമന്റ് പൂശുന്ന ജോലിക്കിടയിൽ യാത്രക്കാർക്കുമീതെ സിമന്റ് സ്പ്രേ പതിച്ചതിൽ സംഘർഷം. താഴെ സർവീസ് റോഡിലൂടെ പോയ വാഹനങ്ങളുടെ മുകളിൽ സിമന്റ് മിശ്രിതം ചിതറി വീണതാണ് സംഘർഷത്തിലേക്ക് വഴിയൊരുക്കിയത്.
അരൂർ ശ്രീനാരായണ നഗറിൽ 5–ാം റീച്ചിലെ 221–ാം നമ്പർ പില്ലറിനു സമീപം ഇന്നലെ വൈകിട്ട് 7 നായിരുന്നു സംഭവം. 8 കാറുകളുടെ മുകളിലും 3 ടെംപോ വാനിന്റെ മുകളിലും സിമന്റ് മിശ്രിതം ചിതറി വീണതോടെ ഡ്രൈവർമാർ പുറത്തിറങ്ങി അശ്രദ്ധമായ നിർമ്മാണ പ്രവൃത്തി ചോദ്യം ചെയ്തു. മുകളിൽ അടിക്കുന്ന സിമന്റ് ചിതറി താഴെക്കൂടി പോകുന്ന ആളുകളുടെ ദേഹത്തും വീണു. അളുകൾ ബഹളം വച്ച് തൊളിലാളികളെ താഴെയിറക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പ്രവൃത്തി താൽക്കാലികമായി നിർത്തി വച്ചു. വലിയ വാഹനത്തിരക്കുള്ള സമയത്ത് ഗതാഗതം നിയന്ത്രിക്കാതെയും നിരോധിക്കാതെയും ഇത്തരത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ദോഷകരമാകുന്ന ജോലി ചെയ്യുന്നതിനെതിരെ യാത്രക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

