Site iconSite icon Janayugom Online

ദേശീയപാത 66 നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാക്കും: പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തില്‍ ദേശീയപാത വികസനം പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 45 മീറ്റര്‍ വീതിയില്‍ ദേശീയപാത 66ന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കും.ഒരിടത്തും നിര്‍മ്മാണം മുടങ്ങിയിട്ടില്ല.

യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടു കൂടിയ ഇടപെടലിലാണ് സാധ്യമാകുന്നത്.2019 ജൂൺ 15ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി വിളിച്ചുചേർത്ത യോഗമാണ്‌ സ്ഥലം ഏറ്റെടുക്കൽ പ്രശ്‌നം ചർച്ച ചെയ്‌തത്‌.യോഗത്തിൽ ചെലവിന്റെ 25 ശതമാനം കേരളം വഹിക്കണമെന്ന നിലപാട്‌ ദേശീയപാത അതോറിറ്റി സ്വീകരിച്ചു.

ഡൽഹിയിൽനിന്ന്‌ തിരിച്ചെത്തിയ മുഖ്യമന്ത്രി ജൂൺ 19ന്‌ ഉന്നതയോഗം വിളിച്ചു.ദേശീയപാത വികസനം സാധ്യമാക്കുന്നതിന്‌ സ്ഥലം ഏറ്റെടുക്കുന്നതിന്‌ 25 ശതമാനം തുക വഹിക്കാനുള്ളതീരുമാനം എടുത്തു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരുസംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിന്‌ഫണ്ട്‌ ചെലവിക്കുന്നത്‌. സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചു.ദേശീയപാത വികസനത്തിന്‌ കേരളം 5580.73 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. ഇക്കാര്യം നിതിൻ ഗഡ്‌കരി പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്‌. കർണാടകത്തിൽ ദേശീയപാത 66ന്റെ വികസനം ഇഴയുകയാണെന്ന്‌ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

കഴക്കൂട്ടം എലിവേറ്റഡ്‌ ഹൈവേ, കോവളം– ‑കാരോട്‌ ബൈപാസ്‌, നീലേശ്വരം ആർഒബി എന്നിവ തുറന്നു. തലശേരി –-മാഹി ബൈപാസ്‌, മൂരാട്‌ പാലം എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌. 17 പദ്ധതിയുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്‌. അരൂർ– ‑തുറവൂർ എലിവേറ്റഡ്‌ ഹൈവേയുടെ നിർമാണം നടന്നുവരികയാണ്‌. ഇടപ്പള്ളി–- അരൂർ എലിവേറ്റഡ്‌ ഹൈവേയ്‌ക്കുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു 

Eng­lish Summary:
Con­struc­tion of Nation­al High­way 66 will be com­plet­ed next year: PA Muham­mad Riaz

You may also like this video:

Exit mobile version