Site iconSite icon Janayugom Online

ഒറ്റമശേരിയിൽ താൽക്കാലിക കടൽഭിത്തി സ്ഥാപിക്കൽ തുടരുന്നു

ചേർത്തല: കടലാക്രമണം നേരിടുന്ന ഒറ്റമശേരിയിൽ താൽക്കാലിക കടൽഭിത്തി സ്ഥാപിക്കൽ തുടരുന്നു. 16 ടോറസ് ലോഡ് കല്ലുകളാണ് നിലവിൽ എത്തിയിരിക്കുന്നത്. ഒരാഴ്ച്ചയായി പ്രവൃത്തി തുടങ്ങിയിട്ട്. ആകെ 200 ലോഡോളം കരിങ്കല്ലാണ് വരേണ്ടത്. സംസ്ഥാന സർക്കാരിന്റെ 95 ലക്ഷം രൂപ ചെലവിലാണ് പ്രവർത്തനങ്ങൾ. ഈ മാസത്തിനുള്ളിൽ പ്രവൃത്തികൾ തീർക്കാനാണ് ജലസേചന വകുപ്പ് അധികൃതരുടെ ശ്രമം. കടലാക്രമണം നേരിടുന്ന ഒരു കിലോമീറ്റർ ഭാഗത്ത് തെക്ക്, വടക്ക് അറ്റങ്ങളിൽ ഓരോ തൊഴിലാളി സംഘമാണ് കല്ലിട്ടു വരുന്നത്. റോഡരികിൽ ഇറക്കിയിടുന്ന കല്ല് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെറിയ ടിപ്പറിൽ കയറ്റി കടലേറ്റ മേഖലകളിൽ എത്തിച്ച്, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തന്നെ നിരത്തി സ്ഥാപിക്കും.

അപകട ഭീഷണി നേരിടുന്ന വീടുകളുടെ പിറകിലെ കടലോരത്ത് ഇടുന്നതിനാണ് പ്രധാന നിർദേശം. അതേസമയം ഒറ്റമശേരി തീരത്ത് കടലേറ്റം മാറ്റമില്ലാതെ തുടരുകയാണ്. ഇരുപതോളം വീടുകൾ ഭീഷണിയിലാണ്. അടുത്തിടെ കുരിശിങ്കൽ ബേബിയുടെ വീടിന്റെ അടിത്തറയിലേക്ക് കടൽ അടിച്ചുകയറി കേടുപാട് വന്നിരുന്നു. ആൾത്താമസമില്ലാത്ത് ഒരുവീട് രണ്ടാഴ്ച്ച മുൻപ് പൂർണ്ണമായി നിലംപൊത്തിയിരുന്നു. കടലേറ്റത്തിന് ശാശ്വത പരിഹാരമായി കിഫ്ബിയിൽ 14 കോടി രൂപ ചെലവിൽ പുലിമുട്ടോടുകൂടിയ കടൽ ഭിത്തി നിർമാണത്തിന് ആദ്യ ഘട്ട അനുമതി ആയിട്ടുണ്ടെങ്കിലും തുടർഘട്ടത്തിന്റെ നടപടിക്രമങ്ങൾ നടക്കുന്നതേയുള്ളു.

കിഫ്ബിയുടെ നിർമാണ പ്രവൃത്തികൾ ഈ മാസം തുടങ്ങുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. താൽക്കാലിക കല്ലിടൽ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി വേണമെന്നും കർക്കിടകം തുടങ്ങി കടലിളക്കം ഉണ്ടായാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും തീരവാസികൾ പറയുന്നു.

Exit mobile version