കേരളത്തിന്റെ വടക്കേയറ്റത്ത് 39 കിലോമീറ്റർ പാതയിലൂടെ ഇനി വാഹനങ്ങൾക്ക് ചീറിപ്പായാം. സംസ്ഥാനത്ത് ദേശീയ പാത നിർമാണം പൂർത്തിയാക്കിയ ആദ്യ റീച്ചായ തലപ്പാടി–ചെങ്കള റൂട്ടിലാണ് പുത്തൻ വഴി തുറന്നത്. ദേശീയ പാതാ അതോറിറ്റിയുടെ പ്രൊവിഷനൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ റീച്ചാണ് തലപ്പാടി–ചെങ്കള. ദേശീയ പാത അതോറിറ്റി അധികൃതർ പരിശോധന നടത്തിയ ശേഷമാണ് പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയത്. ഇതോടെ പാത, ദേശീയ പാത അതോറിറ്റിക്ക് കൈമാറി. പെയിന്റിങ്, സർവീസ് റോഡിലെ നടപ്പാതകൾ തുടങ്ങിയ ചുരുക്കം ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. ശേഷിച്ച ജോലികൾ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2021 നവംബർ 18നാണ് നിർമാണം തുടങ്ങിയത്. മൂന്നു വർഷം കൊണ്ട് 2025 മാർച്ചിലായിരുന്നു നിർമാണം പൂർത്തിയാക്കേണ്ടിയിരുന്നത്. കനത്ത മഴ കാരണം പെയിന്റിങ് ഉൾപ്പെടെയുള്ള ഏതാനും അവസാനഘട്ട പണികൾ മാത്രം പൂർത്തിയാക്കാൻ സാധിക്കാതെ വന്നു. മഴ മാറിയതോടെ പെയിന്റിങ് ഉൾപ്പെടെയുള്ള നിർമാണങ്ങളും പൂർത്തിയാക്കി.മറ്റു സ്ഥലങ്ങളിൽ നിർമാണം ഇഴയുന്നതിനിടെയാണ് തലപ്പാടി – ചെങ്കള റീച്ചിൽ നിർമാണം പൂർത്തിയാക്കിയത്. ശീയപാത 66 ലെ 17 റീച്ചുകളിൽ ആദ്യ പ്രവർത്തനാനുമതിയാണ് തലപ്പാടി-ചെങ്കള റീച്ചിനു ലഭിച്ചത്. ദേശീയപാതയുടെ എല്ലാ പ്രവൃത്തികളും പരിശോധനകളും പൂർത്തിയായെന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ദേശീയപാത അതോറിറ്റിയാണ് (എൻഎച്ച്എഐ) നൽകിയത്. 2430.13 കോടി രൂപയാണ് പദ്ധതിച്ചെലവ്. 15 വർഷത്തേക്ക് കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി, ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് നിർവഹിക്കും. അതേ സമയം, ജില്ലയിൽ മേഘ കൺസ്ട്രക്ഷൻ നിർമിക്കുന്ന രണ്ട്, മൂന്ന് റീച്ചുകളിൽ പ്രവൃത്തി ഇഴയുകയാണ്.
6 അടിപ്പാതകളും 2 ഫ്ലൈഓവറുകളും, 39 കിലോമീറ്റർ ചീറിപ്പായാം; തലപ്പാടി–ചെങ്കള റീച്ച് നിർമാണം പൂർത്തിയായി

