Site iconSite icon Janayugom Online

തുറവൂർ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം അതിവേഗം; ടോൾ ഗേറ്റും റാംപും ഒരുങ്ങുന്നു

തുറവൂർ–അരൂർ എലിവേറ്റഡ് നിർമ്മാണത്തിന്റെ 58 ശതമാനം ജോലികൾ പൂർത്തിയായി. അരൂർ മുതൽ തുറവൂർ വരെ 12 കിലോമീറ്ററിൽ 9 മീറ്റർ ഉയരത്തിലുള്ള 354 തൂണുകൾക്ക് മുകളിലാണ് പാതവരുന്നത്. തൂണുകൾക്ക് മുകളിൽ 24 മീറ്റർ വീതിയുള്ള 6 വരി പാതയാണ് ഒരുങ്ങുന്നത്. പലയിടങ്ങളിലും പാതയുടെ കോൺക്രീറ്റിങ് നടക്കുന്നുണ്ട്. ഇതു കൂടാതെ എരമല്ലൂർ തെക്കുഭാഗത്ത് നിർമ്മിക്കുന്ന ടോൾ ഗേറ്റ്, കുത്തിയതോട്, ചന്തിരൂർ, അരൂർ എന്നിവിടങ്ങളിലുള്ള റാംപിന്റെ തൂണുകൾ എന്നിവയുടെ നിർമ്മാണവും നടക്കുന്നു. ഇനി റാംപുകൾക്കായി 14 തൂണുകൾ മാത്രമാണ് നിർമ്മിക്കാനുള്ളത്. അരൂർ മുതൽ തുറവൂർ വരെ 5 റീച്ചുകളിലായാണ് ജോലികൾ നടക്കുന്നത്. 

തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, ചന്തിരൂർ, അരൂർ എന്നീ റീച്ചുകളിൽ 5.4 കിലോമീറ്റർ ഭാഗത്ത് തൂണുകൾക്ക് മുകളിൽ പാതയുടെ കോൺക്രീറ്റ് പൂർത്തിയായി. ഈ ഭാഗങ്ങളിൽ പാതയുടെ കൈവരികളുടെ നിർമ്മാണം നടക്കുകയാണ്. ജോലിയുടെ എളുപ്പത്തിനായി ക്രെയിൻ ഉപയോഗിച്ച്, കോൺക്രീറ്റിങ് മിശ്രിതം വഹിക്കുന്ന ലോറി മുകളിൽ കയറ്റിയാണ് കോൺക്രീറ്റ് ജോലികൾ നടക്കുന്നത്. മഴ പെയ്താൽ ഉയരപ്പാതയുടെ മുകളിൽനിന്നുള്ള വെള്ളം ഒഴുക്കി വിടുന്നതിനായി മീഡിയനിൽ നിന്നും പാത മുറിച്ച് നാലുവരിപ്പാതയുടെ ഇരുവശങ്ങളിലും നിർമ്മിക്കുന്ന കാനയിലേക്ക് ബന്ധിപ്പിക്കാൻ ഡിഐ പൈപ്പുകൾ ലോറികളിൽ എത്തിച്ചു തുടങ്ങി. പലയിടങ്ങളിലും കാനയുടെ നിർമാണവും വേഗത്തിൽ നടക്കുകയാണ്. എന്നാൽ കാനയിൽ നിന്നുള്ള വെള്ളം പൊതുതോടുകളിലേക്ക് ഒഴിക്കിവിടാനായി പഞ്ചായത്തുകളുമായി ധാരണയായിട്ടില്ല. 

Exit mobile version