Site iconSite icon Janayugom Online

മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ചിൽ അവസാനിക്കും

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മാർച്ചോടെ തുറന്നേക്കും. ആറുനിലക്കെട്ടിടത്തിൽ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്. ആവശ്യമായ ഉപകരണങ്ങളെല്ലാമെത്തി. മോഡുലാർ തീയേറ്ററിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ ആശുപത്രി പ്രവർത്തിക്കാനാവശ്യമായ സംവിധാനങ്ങൾ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജനയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളേജിനു സുവർണജൂബിലി സമ്മാനമായി 2013‑ലാണ് പദ്ധതി അനുവദിച്ചത്.

2016 ഫെബ്രുവരി 20നു കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ജെ പി നഡ്ഡ ശിലാസ്ഥാപനം നടത്തി. 120 കോടിരൂപ കേന്ദ്രവും 30 കോടി സംസ്ഥാന സർക്കാരും ചെലവഴിച്ചാണു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമിക്കാൻ പദ്ധതിയിട്ടത്. അഞ്ചുനിലകളിലായി പണിയാനിരുന്ന കെട്ടിടത്തിന്റെ രൂപരേഖയിൽ മാറ്റംവരുത്തി ആറുനിലയാക്കി. അധികംവരുന്ന 23.3 കോടിരൂപ സംസ്ഥാനം വഹിക്കാമെന്നും ധാരണയായി. സംസ്ഥാനം നൽകേണ്ട ബാക്കിത്തുകയായ 29.32 കോടിരൂപ കഴിഞ്ഞ നവംബറിൽ അനുവദിച്ചതോടെ തടസ്സവും നീങ്ങി. ന്യൂറോളജി, ന്യൂറോസർജറി, നെഫ്രോളജി, ജനിറ്റോ യൂറിനറി സർജറി, കാർഡിയോളജി, പ്ലാസ്റ്റിക് സർജറി, എൻഡോക്രൈനോളജി, ഗാസ്ട്രോ എന്ററോളജി എന്നീ ഒൻപതുവിഭാഗങ്ങളാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ വരുന്നത്.

ഇതിൽ പ്ലാസ്റ്റിക് സർജറി, എൻഡോക്രൈനോളജി എന്നിവ പുതുതായി ആരംഭിക്കുന്നവയാണ്. 200 കിടക്കകൾ, 50 തീവ്രപരിചരണക്കിടക്കകൾ, എട്ട് അത്യാധുനിക മോഡുലാർ തിയേറ്ററുകൾ, രക്തബാങ്ക് അടക്കമുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. പുതിയ കെട്ടിടസമുച്ചയം വരുന്നതോടെ ആശുപത്രിയിൽ തിരക്കും കുറയും. ഇവിടെ പ്രവർത്തിച്ചുവരുന്ന ഏഴുവിഭാഗങ്ങളാണു പുതിയ ബ്ലോക്കിലേക്കു മാറുന്നത്. അതോടെ ഒഴിയുന്ന സ്ഥലം അവശേഷിക്കുന്ന ചികിത്സാവിഭാഗങ്ങൾക്കു പ്രയോജനപ്പെടുത്താനാകും.

Exit mobile version