Site icon Janayugom Online

ബജറ്റ് പൂര്‍വ കൂടിയാലോചനകള്‍ പ്രഹസനമാക്കുന്നു; പുനരാലോചിക്കണമെന്ന് കേന്ദ്ര തൊഴിലാളി സംഘടനകള്‍

ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായുള്ള കൂടിയാലോചനകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഹസനമാക്കുന്നു. തൊഴിലാളി നേതാക്കള്‍, വ്യവസായികള്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങി ബന്ധപ്പെട്ടവരുമായി ഓരോ ബജറ്റിന് മുമ്പും പതിവായിരുന്ന കൂടിക്കാഴ്ച ഇത്തവണ പേരിന് മാത്രം നടത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര തൊഴിലാളി സംഘടനകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒന്നേകാല്‍ മണിക്കൂറാണ് നീക്കിവച്ചിരിക്കുന്നത്. കുറഞ്ഞത് 12 സംഘടനകളെങ്കിലും യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അധികൃതരുടെ ആമുഖ അവതരണം കഴിഞ്ഞ് സംഘടനാ പ്രതിനിധികള്‍ക്ക് അഞ്ചു മിനിട്ടുപോലും സംസാരിക്കുവാന്‍ അവസരമുണ്ടാകില്ലെന്ന് സാരം.

കോവിഡ് നിയന്ത്രണങ്ങളെല്ലാം അവസാനിപ്പിച്ച ശേഷമുള്ള ആദ്യയോഗമാകട്ടെ ചേരുന്നത് വിര്‍ച്വലായും. സാമ്പത്തിക വിഭാഗം മുതിര്‍ന്ന ഉപദേഷ്ടാവ് രാജീവ് മിശ്രയാണ് യോഗത്തിന്റെ അറിയിപ്പ് നല്കിയിരിക്കുന്നത്. 28 ന് യോഗം ചേരുന്ന അറിയിപ്പ് സംഘടനകള്‍ക്ക് ലഭിച്ചതാകട്ടെ ഇന്നലെയും. യോഗം നേരിട്ടുള്ളതാക്കണമെന്നാവശ്യപ്പെട്ട് പത്ത് കേന്ദ്ര തൊഴിലാളി സംഘടനകള്‍ ധനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ ഇപ്പോള്‍ നിശ്ചയിച്ച യോഗം ഫലപ്രദമാകില്ലെന്ന് എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നിവ സംയുക്തമായി നല്കിയ കത്തില്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: con­sul­ta­tions ahead of  budget
You may also like this video

Exit mobile version