Site iconSite icon Janayugom Online

കൺസ്യൂമർഫെഡും ഓൺലൈൻ വ്യാപാരം തുടങ്ങുന്നു

ആമസോൺ, ഫ്ലിപ്കാർട് മാതൃകയിൽ കൺസ്യൂമർഫെഡും ഓൺലൈൻ വ്യാപാരം തുടങ്ങുന്നു. ആദ്യഘട്ടത്തിൽ മരുന്നുകളും നോൺ സബ്സിഡി സാധനങ്ങളും മാത്രമേ ഇങ്ങനെ വില്പനയ്ക്കുള്ളൂ. പിന്നീട് മറ്റ് ഉല്പന്നങ്ങളും വിപണിയിലെത്തിക്കും. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് വൈകിയാണെങ്കിലും ഓൺലൈനാകാൻ കൺസ്യൂമർഫെഡും തീരുമാനിച്ചത്. 35 ശതമാനംവരെ വിലക്കുറവാണ് കൺസ്യൂമർഫെഡിന്റെ പ്രത്യേകത. ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പർമാർക്കറ്റിൽ സ്റ്റോക്ക് ഉള്ള സാധനങ്ങൾ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാം. കൺസ്യൂമർഫെഡ് ജീവനക്കാർ സാധനങ്ങൾ വാഹനത്തിൽ വീട്ടിലെത്തിക്കും. ആറ്മാസത്തിനുള്ളില്‍ എറണാകുളത്ത് പദ്ധതി ആദ്യം നടപ്പിലാക്കാനാണു ലക്ഷ്യമിടുന്നത്. തുടർന്നു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ എം സലിം ജനയുഗത്തോട് പറഞ്ഞു. ഓരോ ജില്ലയിലും ചുരുങ്ങിയത് 10 വിൽപനകേന്ദ്രങ്ങളെയെങ്കിലും ഓൺലൈൻ വിപണനശൃംഖലയുമായി ബന്ധിപ്പിക്കും. 

സംസ്ഥാനത്തെ 179 ത്രിവേണി ഔട്ട് ലെറ്റുകളിലും ഓൺലൈൻ സംവിധാനം ആരംഭിക്കും. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഐടി വിഭാഗത്തിനാണ് സോഫ്റ്റ്‌വെയർ നിർമാണച്ചുമതല. സോഫ്റ്റ്‌വെയർ ഡവലപ്പ്മെന്റ് നടന്ന് വരികയാണ്. സ്വന്തം ആപ്ലിക്കേഷൻ കൂടാതെ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മറ്റ് പല ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷൻ വഴിയും സാധനങ്ങൾ എത്തിക്കാനുള്ള പദ്ധതിയും കണ്‍സ്യൂമര്‍ ഫെഡിനുണ്ട്. മദ്യവും സബ്സിഡി സാധനങ്ങളുമൊഴികെയുള്ള സാധനങ്ങൾ ലഭ്യമാക്കാനാണ് നീക്കം. കേരഫെഡ് വെളിച്ചെണ്ണ, മിൽമ നെയ്യ്, ത്രിവേണി ബ്രാൻഡഡ് ഉത്പന്നങ്ങൾ, മല്ലിപ്പൊടി, മുളകുപൊടി, പുട്ടുപൊടി, നോട്ടുബുക്കുകൾ, മറ്റ് ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ എന്നിവയെല്ലാം ഓൺലൈനിൽ ലഭ്യമാക്കും. കൺസ്യൂമർഫെഡ് നീതി മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്ന മരുന്നുകളും ഓൺലൈനിൽ ലഭിക്കും. ഡോക്ടറുടെ കുറിപ്പടി അപ്‌ലോഡ് ചെയ്താല്‍ മാത്രം മതി. 

Exit mobile version