Site iconSite icon Janayugom Online

ആലപ്പുഴ തീരപ്രദേശത്ത് കണ്ടെയ്നറിലെ ടാങ്കറും ലൈഫ്ബോട്ടും അടിഞ്ഞു; വാൻ ഹായി കപ്പലിലേതെന്ന് സൂചന

ജില്ലയിലെ തീരപ്രദേശത്ത് കണ്ടെയ്നറിലെ ടാങ്കറും ലൈഫ്ബോട്ടും അടിഞ്ഞു. ഇത് തീരത്തെ ആശങ്കയുടെ മുനമ്പിലാക്കി. പുന്നപ്ര അറപ്പപ്പൊഴി കടൽ തീരത്ത് ഞായറാഴ്ച രാത്രിയോടെയാണ് ലൈഫ്ബോട്ട് എത്തിയത്. ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെയാണ് ലൈഫ്ബോട്ട് അടിഞ്ഞ തീരത്തുനിന്നും പത്ത് കിലോമീറ്റര്‍ തെക്ക് കാക്കാഴം തീരത്ത് രാവിലെ വെള്ള നിറത്തിലുള്ള ടാങ്ക് അടിഞ്ഞത്. പുന്നപ്ര തീരത്തടിഞ്ഞ ചുവപ്പ് നിറത്തിലുള്ള ബോട്ടിന് ഏകദേശം അഞ്ച് മീറ്ററോളം നീളവും മൂന്ന് മീറ്ററോളം വീതിയും വരും. ശക്തമായ തിരമാലയിലും കാറ്റിലും തീരത്തുലയുന്ന ബോട്ട് ശ്രദ്ധയില്‍പ്പെട്ട തീരദേശവാസികള്‍ പുന്നപ്ര പൊലീസിനെ വിവരമറിയിച്ചു. പുന്നപ്ര പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ സി പ്രേംജി, കോസ്റ്റൽ പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ ജെസിബി ഉപയോഗിച്ച് കരയിൽ കയറ്റി കാറ്റാടി മരത്തില്‍ കെട്ടി സുരക്ഷിതമാക്കി. കഴിഞ്ഞ ദിവസം കണ്ടെയ‌്നറുമായി എത്തിയ വാൻ ഹായ് കപ്പലിന്റേതാണ് ലൈഫ്ബോട്ട്. കപ്പലില്‍ അപകടമുണ്ടായാല്‍ ജീവനക്കാരുടെ സുരക്ഷയ്ക്കായുള്ള ലൈഫ് ബോട്ടാണ് തീരത്തൊഴുകി എത്തിയത്. സിംഗപ്പൂരില്‍ നിന്നുള്ള കസ്റ്റംസ് വിഭാഗത്തിന് ലൈഫ്ബോട്ട് കൈമാറും. കപ്പലിലേക്കുള്ള പാചകവാതക ഗ്യാസ് എത്തിക്കുന്നതിനുള്ള ടാങ്കാണ് കാക്കാഴത്ത് അടിഞ്ഞത്. 

ഇന്നലെ രാവിലെ അപ്രതീക്ഷിതമായി തീരത്ത് തിരമാലയില്‍ ആടിയുലയുന്ന ടാങ്ക് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അമ്പലപ്പുഴ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വേണ്ട സുരക്ഷിതത്വം ഒരുക്കി. സമീപവാസികളെ സുരക്ഷിത സ്ഥാനങ്ങളില്‍ മാറ്റിപാര്‍പ്പിച്ചു. നാട്ടുകാരോ മറ്റുള്ളവരോ സമീപത്ത് എത്താതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. സിംഗപ്പൂരില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കാലിയാണെന്ന് ഉറപ്പാക്കിയ ശേഷം വൈകിട്ടോടെ ടാങ്ക് കരയ്ക്ക് കയറ്റി. പിന്നീട് ഇവിടെ നിന്ന് കൊച്ചി തുറമുഖത്തേക്ക് ഇത് നീക്കം ചെയ്തു.

Exit mobile version