Site iconSite icon Janayugom Online

നിരന്തരമായ കുറ്റപ്പെടുത്തല്‍: ബാല്‍ക്കെണയില്‍ നിന്നും വീണെങ്കിലും രക്ഷപ്പെട്ട കുട്ടിയുടെ അമ്മ ജീവനൊടുക്കി

remyaremya

നിരന്തരമായ കുറ്റപ്പെടുത്തലുകള്‍ സഹിക്കവയ്യാതെ, ബാല്‍ക്കെണിയില്‍നിന്നും വീണെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിന്റെ അമ്മ ഒടുവില്‍ ജീവനൊടുക്കി. ചെന്നൈയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് കഴിഞ്ഞയാഴ്ച ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് താഴേയ്ക്ക് വീണത്. നിലത്തുവീഴാതെ കെട്ടിടത്തിലെ ഷീറ്റില്‍ കുടുങ്ങിക്കിടന്ന കുട്ടിയെ പ്രദേശവാസികള്‍ ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് രക്ഷിച്ചത്. അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ വാര്‍ത്തയ്ക്കൊപ്പം കുട്ടിയുടെ അമ്മയെ കുറ്റപ്പെടുത്തി ഏറെ ചര്‍ച്ചയും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. നിരന്തര കുറ്റപ്പെടുത്തലുകള്‍ സഹിക്കവയ്യാതെ കുട്ടിയുടെ അമ്മ കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്‍റെ ഭാര്യ രമ്യ(33) ജീവനൊടുക്കി. രമ്യ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ മാസം 28 ന് ആണ് സംഭവം നടക്കുന്നത്. തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യിൽനിന്നും കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ യുവതിക്കെതിരെ വലിയ വിമർശനവുമായി രംഗത്തെത്തി. അമ്മയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നതടക്കം അതിരൂക്ഷമായ സൈബർ ആക്രമണമാണ് യുവതിക്ക് നേരെയുണ്ടായത്. ചില ബന്ധുക്കളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളർന്നിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതോടെ വിഷാദരോഗത്തിലേക്ക് നീങ്ങി. കുറച്ച് നാളായി രമ്യ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.

രമ്യയും 2 മക്കളും രണ്ടാഴ്ച മുൻപാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോയി. രമ്യ ഇവർക്കൊപ്പം പോയിരുന്നില്ല. വിവാഹത്തിന് പോയവർ തിരികെ എത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയിൽ കണ്ടത്. വെങ്കിടേഷ് രമ്യ ദമ്പതികൾക്ക് അപകടത്തിൽ പെട്ട പെൺകുഞ്ഞിനെ കൂടാതെ 5 വയസ്സുള്ള ഒരു മകനുമുണ്ട്. രമ്യയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മേട്ടുപാളയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം ചെയ്‌തതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

Eng­lish Sum­ma­ry: Con­tin­u­al blame: Child’s moth­er com­mits sui cide

You may also like this video

Exit mobile version