വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത് 22,420 കോടി രൂപ. ഉയര്‍ന്ന ആഭ്യന്തര സ്റ്റോക്ക് മൂല്യനിര്‍ണയം, ചൈനയിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കല്‍, യുഎസ് ഡോളറിന്റെയും ട്രഷറി ആദായത്തിന്റെയും വര്‍ധനവ് എന്നിവ ഇതിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബറില്‍ വിദേശ നിക്ഷപകര്‍ പിന്‍വലിച്ചത് 94,017 കോടി രൂപയായിരുന്നു. ഇത് ഏറ്റവും മോശം പ്രതിമാസ ഒഴുക്കായിരുന്നു. ഇതിനുമുമ്പ്, 2020 മാര്‍ച്ചില്‍ എഫ‌്പിഐകള്‍ ഇക്വിറ്റികളില്‍ നിന്ന് 61,973 കോടി രൂപ പിന്‍വലിച്ചതാണ് ഉയര്‍ന്ന തുക.
പണലഭ്യത കുറയുന്നതിനാല്‍, എഫ‌്പിഐ വരവ് ഹ്രസ്വകാലത്തേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള വിപണി വികാരം ദുര്‍ബലമായി നിലനില്‍ക്കുന്നതിനാല്‍ ജനുവരി ആദ്യം വരെ എഫ‌്പിഐ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 2024 സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 57,724 കോടി രൂപയുടെ ഒമ്പത് മാസത്തെ ഉയര്‍ന്ന നിക്ഷേപം നടത്തിയിരുന്നു. ഇതിന് ശേഷം വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുകയായിരുന്നു. രൂപയുടെ വിലയിടിവിനെത്തുടര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലും കുറവുണ്ടായി. ഫോറെക്സ് കരുതല്‍ ശേഖരം 6.477 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 675.653 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു.