ഇഷ്ടപ്രകാരമല്ലാതെ ജനന നിയന്ത്രണത്തിന് വിധേയമായതിന് ഡച്ച് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി ഗ്രീൻലാൻഡിലെ ഗോത്രവിഭാഗത്തിൽ നിന്നുള്ള 67 സ്ത്രീകൾ. ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി 1960കളിൽ ഗ്രീൻലാൻഡിലെ ഇന്യൂട്ട് ഗോത്രത്തിലെ കൗമാരക്കാർ ഉൾപ്പെടെ 4,500 ഓളം സ്ത്രീകളിൽ കോയിൽ എന്ന് അറിയപ്പെടുന്ന ഗർഭ നിയന്ത്രണ ഉപകരണം ഘടിപ്പിച്ചിരുന്നു. സംഭവത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം അവസാനിക്കാനിരിക്കെയാണ് 3,00,000 ക്രോണർ (42,150 ഡോളർ) വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ത്രീകള്‍ രംഗത്തെത്തിയത്.
ഡച്ച് ബ്രോഡ്കാസ്റ്റർ ആയ ഡിആർ കഴിഞ്ഞ വർഷം പുറത്തുവിട്ട പോഡ്കാസ്റ്റിലൂടെയാണ് ജനന നിയന്ത്രണ ക്യാമ്പയിനിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. 1966നും 1970നും ഇടയ്ക്ക്, 13 വയസുള്ള പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് അവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഗർഭാശയവലയങ്ങൾ (ഇൻട്രാ യൂട്രിൻ ഡിവൈസ്) ഘടിപ്പിച്ചത്.
1969ന്റെ അവസാനത്തോടെ ഗ്രീൻലാൻഡിലെ 35 ശതമാനം സ്ത്രീകൾക്കും ഗർഭാശയവലയങ്ങൾ ഘടിപ്പിച്ചു എന്നാണ് സർക്കാർ കണക്കാക്കുന്നതെന്ന് ഡിആർ പറയുന്നു. ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഡച്ച്, ഗ്രീൻലാൻഡ് സർക്കാരുകൾ നിയോഗിച്ച അന്വേഷണ കമ്മിഷൻ 2025 മേയ് മാസത്തിൽ റിപ്പോർട്ട് നൽകും.
അന്വേഷണത്തിന്റെ ഫലങ്ങൾ വരുന്നത് വരെ കാത്തിരിക്കാനാവില്ലെന്നും പല സ്ത്രീകളും 80കളോട് അടുക്കുന്ന സാഹചര്യത്തിൽ ഇപ്പോഴാണ് നടപടി ഉണ്ടാകേണ്ടതെന്നും നഷ്ടപരിഹാരം ആവശ്യപ്പെടാൻ മുൻകൈ എടുത്ത മനഃശാസ്ത്രജ്ഞ നജ ലിബെർത്ത് പറഞ്ഞു.
വലിയ ഗർഭാശയവലയങ്ങൾ ഘടിപ്പിച്ചത് കാരണം പല പെണ്‍കുട്ടികള്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും വന്ധ്യതയും വരെ സംഭവിച്ചു. ചില സ്ത്രീകളാകട്ടെ, ഗൈനക്കോളജിസ്റ്റുകൾ വിവരം അറിയിക്കുന്നതുവരെ വലയങ്ങള്‍ ഘടിപ്പിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നും ലിബെർത്ത് പറഞ്ഞു. ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് പണം ലാഭിക്കുന്നതിന് വേണ്ടി ഡച്ച് സർക്കാർ ഗ്രീൻലാൻഡ് ജനസംഖ്യ ഗണ്യമായി കുറച്ചുവെന്നും അവർ ആരോപിച്ചു. കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകില്ലെന്നാണ് സൂചന.
English Summary: Contraceptive surgery without consent: 67 women seek compensation
You may also like this video