Site iconSite icon Janayugom Online

കേന്ദ്രസര്‍ക്കാരിലെ കരാര്‍ നിയമനങ്ങള്‍ പരിശോധിക്കും

കേന്ദ്രസര്‍ക്കാരിലെ സുപ്രധാന തസ‍്തികകളില്‍ കരാര്‍ നിയമനം നടത്താനുള്ള ശ്രമം സംവരണം ഒഴിവാക്കാനുള്ള നീക്കമാണെന്ന പ്രതിപക്ഷ ആരോപണം പാര്‍ലമെന്ററി പാനല്‍ പരിശോധിക്കും. ലോക‍്സഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട വിശദാംശങ്ങള്‍ അനുസരിച്ച്, 2024–25ല്‍ ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധനയ‍്ക്കായി തിരഞ്ഞെടുത്ത വിഷയങ്ങളില്‍ പേഴ‍്സണല്‍, പബ്ലിക് ഗ്രീവന്‍സ്, നിയമം, നീതിന്യായ വകുപ്പുകളുമായി ബന്ധപ്പെട്ട ലാറ്ററല്‍ എന്‍ട്രിയും ഉള്‍പ്പെടുന്നു.

ജോയിന്റ് സെക്രട്ടറിമാരുടെ 10 ഉം ഡയറക‍്ടര്‍മാരുടെയും ഡെപ്യൂട്ടി ഡയറക‍്ടര്‍മാരുടെയും 35ഉം തസ‍്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യൂണിയന്‍ പബ്ലിക് സർവീസ് കമ്മിഷന്‍ (യുപിഎസ‍്സി) മൂന്ന് മാസം മുമ്പ് പരസ്യം ചെയ‍്തിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ് തുടങ്ങിയവ രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി, സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് എന്നിവരടക്കം എസ‍്സി, എസ‍്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാത്ത സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചു. ഇതേ തുടര്‍ന്ന് പരസ്യം റദ്ദാക്കാന്‍ കേന്ദ്രം യുപിഎസ‍്സിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

സാധാരണ സിവില്‍ സര്‍വീസ് പരീക്ഷയിലൂടെയാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ലാറ്ററല്‍ എന്‍ട്രി ഒരു പ്രത്യേക മേഖലയിലെ വിദഗ്ധരെ നിശ‍്ചിത കാലയളവിലേക്ക് നിയമിക്കുന്നതാണ്. ഇത്തരം നിയമനങ്ങള്‍ക്ക് സംവരണം ബാധകമല്ല.
2018 മുതലാണ് കേന്ദ്രസര്‍ക്കാര്‍ ലാറ്ററല്‍ റിക്രൂട്ട്മെന്റ് ആരംഭിച്ചത്. ഇതുവരെ 63 നിയമനങ്ങള്‍ നടത്തിയതില്‍ 35 എണ്ണം സ്വകാര്യമേഖലയില്‍ നിന്നാണ്. ഇത്തരത്തില്‍ നിയമനം ലഭിച്ച 57 ഉദ്യോഗസ്ഥര്‍ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലി ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

Exit mobile version