കൊടുവള്ളി ഉപജില്ലാ കലോത്സവ വേദിക്ക് സമീപം വിദ്യാർത്ഥികൾക്ക് ആശംസ നേർന്ന് പരസ്യബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ, ചോദ്യപേപ്പർ ചോർച്ചാ കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഷുഹൈബ് ന്യായീകരണവുമായി രംഗത്ത്. നഗരസഭയുടെ അനുമതി ലഭിച്ചില്ലെന്ന് അറിയാതെയാണ് ടീം അംഗങ്ങൾ പരസ്യബോർഡുകൾ സ്ഥാപിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. വിവാദ യൂട്യൂബ് ചാനലായ എംഎസ് സൊല്യൂഷൻസിൻ്റെ ഉടമ കൂടിയായ മുഹമ്മദ് ഷുഹൈബ്, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തൻ്റെ വാദങ്ങൾ നിരത്തിയത്. കുട്ടികൾക്ക് ആശംസ നേർന്നാൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
അതേസമയം, അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചതിന് എംഎസ് സൊല്യൂഷൻസിൽ നിന്ന് പിഴ ഈടാക്കാൻ കൊടുവള്ളി നഗരസഭ തീരുമാനിച്ചു. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് മുഹമ്മദ് ഷുഹൈബിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ വിശദീകരണം കൂടി ലഭിച്ച ശേഷമാകും പിഴത്തുക എത്രയെന്ന് തീരുമാനിക്കുക. മുഹമ്മദ് ഷുഹൈബിൻ്റെ ചിത്രത്തോട് കൂടിയ ആശംസാ പരസ്യബോർഡുകൾ കഴിഞ്ഞ ദിവസമാണ് കലോത്സവ വേദിക്ക് സമീപം സ്ഥാപിച്ചത്.

