കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച മൂന്ന് ബില്ലുകള്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യോഗം ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഗുരുതര കുറ്റകൃത്യത്തിന്റെ പേരില്‍ തുടര്‍ച്ചയായി 30 ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവരുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ പുറത്താക്കാനുള്ള വിവാദ നിര്‍ദേശമടങ്ങിയ മൂന്ന് ബില്ലുകള്‍ പരിശോധിക്കുന്ന സമിതിയില്‍ നിന്നാണ് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ലോക്‌സഭാ സ്പീക്കറെ രേഖമൂലം പാര്‍ട്ടി നിലപാട് അറിയിക്കും.
വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ച കേന്ദ്രഭരണ പ്രദേശങ്ങളുടെ സര്‍ക്കാര്‍ (ഭേദഗതി), ഭരണഘടന (130-ാം ഭേദഗതി), ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്ലുകളാണ് ജെപിസിക്ക് വിട്ടത്.
പ്രതിപക്ഷ പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ശിവസേന (യുബിടി) സമാജ് വാദി പാര്‍ട്ടി എന്നിവ ജെപിസി ബഹിഷ്കരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ ലക്ഷ്യമിട്ടാണ് ഭരണഘടന വിരുദ്ധമായ ബില്‍ കൊണ്ടുവന്നതെന്ന് സമ്മേളന കാലത്ത് തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജെപിസി യോഗം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയും തനിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടില്ലെന്ന് ഈമാസം ആദ്യം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചിരുന്നു.
ലോക്സഭയില്‍ നിന്നുള്ള 21 പേരും രാജ്യസഭയില്‍ നിന്നുള്ള 10 പേരും അടങ്ങുന്ന സംയുക്ത പാര്‍ലമെന്ററി സമിതി ബില്ലുകള്‍ പരിശോധിക്കുമെന്നായിരുന്നു ആഭ്യന്തര മന്ത്രി അറിയിച്ചത്. എന്നാല്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പാനല്‍ രൂപീകരിച്ചിട്ടില്ല.

