കേരള ലളിതകലാ അക്കാദമി അവാർഡ് ലഭിച്ച കാർട്ടൂൺ കോടതി കയറുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ആവിഷ്കാര സ്വാതന്ത്ര്യം. സംഘപരിവാർ ഭരണകൂടത്തെ വിമർശിക്കുന്നത് ദേശദ്രോഹമാണെന്ന് മുദ്രകുത്തി വായടപ്പിക്കുന്ന തന്ത്രമാണ് ബിജെപിയും-സംഘപരിവാറും ഈ കാർട്ടൂണിന്റെ പേരിലും നടത്തുന്നത്. എന്നാൽ കാർട്ടൂണിനെ കാർട്ടൂണായി കാണണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഗോളാന്തര കോവിഡ് അവലോകന ഉച്ചകോടിയിൽ കാവിപുതച്ച പശു ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതാണ് അനൂപ് രാധാകൃഷ്ണന്റെ വിവാദമായ കാർട്ടൂൺ. ഇന്ത്യയെ പശുവായി കാണിക്കുന്ന കാർട്ടൂൺ രാജ്യത്തെ അവഹേളിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപിയും സംഘവും രംഗത്തു വന്നത്. 2019–20 ലെ ഓണറബിൾ മെൻഷൻ നേടിയ കാർട്ടൂണിനെതിരെ യുവമോർച്ച സംസ്ഥാന നേതൃത്വം നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
കാർട്ടൂൺ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഹൈന്ദവീയം ഫൗണ്ടേഷനാണ് ഹെെക്കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാരുകളോട് വിവരം തേടിയ ശേഷം പിന്നീട് പരിഗണിക്കാനായി ഹർജി മാറ്റി. കാർട്ടൂണിനെ കാർട്ടൂണായി കാണണമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ നഗരേഷ് അഭിപ്രായപ്പെട്ടു. നികൃഷ്ടമായ ഭാഷയിലാണ് ബിജെപി നേതൃത്വം കാർട്ടൂണിനും അക്കാദമിക്കുമെതിരെ വിമർശനമുന്നയിച്ചത്. “മിതമായ ഭാഷയിൽ പിതൃശൂന്യതയാണ് അക്കാദമി കാണിച്ചതെന്ന്” ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. സ്വന്തം നാടിനെ അപമാനിക്കാൻ ഉയർന്ന സ്ഥാനത്തിരിക്കുന്നവർ ശ്രമിച്ചാൽ കയ്യുംകെട്ടി നോക്കിനിൽക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നേതാക്കളുടെ പ്രതികരണം അണികൾ ഏറ്റെടുത്തതോടെ തെരുവിലും സമൂഹമാധ്യമങ്ങളിലും ഭീഷണിയും തെറിവിളിയും നിറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് ചാണക സേവ നടത്തിയ സംഘ്പരിവാർ പരിപാടിയാണ് വിവാദമായ തന്റെ കാർട്ടൂണിന് ആധാരമായതെന്ന് കാർട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണൻ വിശദീകരിക്കുന്നു. ഡൽഹിയിലെ ബിജെപി നേതാക്കൾ ഈ പരിപാടിയിൽ വന്ന് ചാണക സേവ നടത്തിയതിന് താൻ സാക്ഷിയാണെന്ന് മറ്റൊരു കാർട്ടൂണിസ്റ്റ് സുധീർനാഥും പറയുന്നു. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്ന കാർട്ടൂണിന് അവാർഡ് ലഭിച്ചപ്പോൾ അത് മാറ്റാൻ ഒരിക്കലും ആരും ശ്രമിച്ചിട്ടില്ലെന്ന് അക്കാദമി ഭാരവാഹികളും പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന കാർട്ടൂൺ 2018 ഡിസംബറിൽ ബിജെപി മുഖപത്രമായ ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. തെങ്ങുകയറുന്നവനെ പിടിച്ച് തലയിൽ കയറ്റുമ്പോൾ ഓർക്കണം എന്ന അടിക്കുറിപ്പോടെയായിരുന്നു ജന്മഭൂമി കാർട്ടൂൺ.
2019 ൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ‘പൂവൻകോഴി’യായി കാണിക്കുന്ന കാർട്ടൂണിന് പുരസ്കാരം നൽകിയപ്പോഴും സമാനമായ അവസ്ഥയുണ്ടായി. കെ കെ സുഭാഷ് രചിച്ച വിശ്വാസം രക്ഷതി എന്ന കാർട്ടൂൺ അശ്ലീലമാണെന്നും ക്രിസ്ത്യൻ സമൂഹത്തെ അവഹേളിക്കുന്നതാണെന്നും പറഞ്ഞ് വിശ്വാസികൾ രംഗത്ത് വന്നു. കാർട്ടൂണിൽ ചിത്രീകരിച്ചത് അധികാരത്തിന്റെ പ്രതീകമാണെന്നും ക്രിസ്ത്യൻ ചിഹ്നമല്ലെന്നും അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞെങ്കിലും മതവിശ്വാസികൾ അടങ്ങിയില്ല.
ENGLISH SUMMARY;Controversial cartoon Freedom of expression in court
YOU MAY ALSO LIKE THIS VIDEO;