Site iconSite icon Janayugom Online

ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന വിവാദ കേസ് : ബിബിസിയില്‍ നിന്ന് അഞ്ച് ബില്യണ്‍ ഡോളര്‍ നഷ്ട പരിഹാരം ആവശ്യപ്പെടാന്‍ നീക്കം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന വിവാദ കേസില്‍ ബിബിസിയില്‍ നിന്ന് അഞ്ച് ബില്യണ്‍ ഡോളര്‍വരെ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ നീക്കം. നഷ്ടപരിഹാരത്തുക നൽകികേസ് തീർപ്പാക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞതിനാലാണ് ഈ നടപടിയെന്നാണ് വിവരം.എന്നാൽ വിവാദത്തിനു പിന്നാലെ പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബിബിസി ക്ഷമാപണം നടത്തിയിരുന്നു.

വെള്ളിയാഴ്ചയ്ക്ക് ഉള്ളിൽ ഡോക്യുമെന്ററി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കുറഞ്ഞത് 100 കോടി ഡോളറെങ്കിലും നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ട്രംപിന്റെ അഭിഭാഷകർ ബിബിസിയ്ക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ക്ഷമാപണം.സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണെസും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. 

ചില തെറ്റുകൾ സംഭവിച്ചെന്നത്‌ വസ്‌തുതയാണെന്നും എന്നാൽ ബിബിസിയുടെ പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്നും നിർഭയമായ പത്രപ്രവർത്തനത്തിനായി നിലകൊള്ളുമെന്നും ബിബിസിയുടെ സ്ഥാനമൊഴിഞ്ഞ ഡയറക്ടർ ജനറൽ ടിം ഡേവി പറഞ്ഞു.ബിബിസി പനോരമ ഡോക്യുമെന്ററിയിൽ ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് രാജി

Exit mobile version