Site iconSite icon Janayugom Online

വിവാദ സര്‍ക്കുലര്‍: ഇന്ത്യന്‍ ബാങ്കിന് നോട്ടീസ്

ന്യൂഡല്‍ഹി: വിവാദ സര്‍ക്കുലറില്‍ ഇന്ത്യന്‍ ബാങ്കിന് ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചു. നിയമന മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ട പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ഗര്‍ഭം ധരിച്ച് മൂന്ന് ആഴ്ചയോ അതിലധികമോ ആയവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പ്പിച്ചുകൊണ്ടുള്ള ബാങ്കിന്റെ സര്‍ക്കുലറാണ് വിവാദമായത്. ഡിസംബറില്‍ എസ്ബിഐയും സമാനമായ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കുകയായിരുന്നു. ഗര്‍ഭം ധരിച്ച് മൂന്ന് മാസമോ അതില്‍ കൂടുതലോ ആയവര്‍ക്കായിരുന്നു എസ്‌ബിഐ വിലക്കേര്‍പ്പെടുത്തിയിരുന്നത്.
2020ലെ ദ കോഡ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി പ്രകാരം നൽകിയിരിക്കുന്ന പ്രസവ ആനുകൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യൻ ബാങ്കിന്റെ സര്‍ക്കുലര്‍ എന്ന് വനിതാ കമ്മിഷന്‍ പറഞ്ഞു. ഗർഭിണികളായ സ്ത്രീകൾ ജോലിക്ക് യോഗ്യരല്ലെന്ന് നിയമം ​കൊണ്ടുവരുന്നത് നീതീകരിക്കാനാവില്ല. സ്ത്രീകളെ ​ലിംഗപരമായി വേർതിരിക്കുന്ന ഇത്തരം നിയമങ്ങൾ പിൻവലിക്കണമെന്നും ഡല്‍ഹി വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാൾ ആവശ്യപ്പെട്ടു. ഇന്ത്യൻ ബാങ്കിന്റെ ഭാഗമായ തമിഴ്നാട് ഗ്രാമ ബാങ്കും സമാനമായ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Con­tro­ver­sial Cir­cu­lar: Notice to Bank of India
you may also like this video;

Exit mobile version