Site icon Janayugom Online

വിവാദ കശ്മീര്‍ പരാമര്‍ശം: കെ ടി ജലീലിനെതിരെ കേസെടുത്തു

വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ കേസെടുത്തു. കീഴ്വായ്പൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആര്‍ എസ് എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയില്‍ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു.
കശ്മീര്‍ യാത്രക്ക് പിന്നാലെ കെ ടി ജലീല്‍ ഫെയ്സ്ബുക്കിൽ ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍ ഇന്ത്യന്‍ അധിനിവേശ ജമ്മു കശ്മീരാണെന്ന പരാമര്‍ശമാണ് വിവാദമായത്. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കാശ്മീര്‍ എന്നറിയപ്പെടുന്നുവെന്നും പോസ്റ്റിലുണ്ട്. അതേസമയം പോസ്റ്റ് വിവാദമായതോടെ ജലീല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിരുന്നു.

വിഷയത്തില്‍ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് അരുണ്‍ മോഹന്‍ കോടതിയെ സമീപിച്ചത്. ജലീലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലെ ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്നീ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 153 ബി പ്രകാരം കലാപ ആഹ്വാനം, 1971‑ലെ ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട്-സെക്ഷന്‍ 2 എന്നിവ പ്രകാരം ജലീലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. 

Eng­lish Sum­ma­ry: Con­tro­ver­sial Kash­mir remark: Case filed against KT Jaleel
You may also like this video

Exit mobile version