Site iconSite icon Janayugom Online

മോളീവുഡിലെ വിവാദങ്ങൾ തീയേറ്ററുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു

മലയാള സിനിമ ലോകത്ത് കത്തിപ്പടരുന്ന വിവാദങ്ങളും ‘ഇരകളുടെ’ പുതിയ വെളിപ്പെടുത്തലുകളും തീയേറ്ററുകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു. 2024ന്റെ തുടക്കത്തിൽ പ്രേക്ഷകരിൽ നിന്നും ലഭിച്ച പിന്തുണ കുറയുന്നതായി തീയേറ്റർ ഉടമകൾ വ്യക്തമാക്കുന്നു. താരമൂല്യങ്ങൾ ഏറെയുള്ള വ്യക്തികൾക്ക് നേരെ ദിനംപ്രതി ഉയരുന്ന ലൈംഗിക ആരോപണങ്ങളിൽ പകച്ച് നിൽക്കുകയാണ് തീയേറ്ററുകൾ. 

വിവാദങ്ങൾ വർധിച്ചതോടെ പ്രേക്ഷകരും തീയറ്ററിൽ നിന്ന് അകലം പാലിച്ചു തുടങ്ങി. 2024ന്റെ ആദ്യ പകുതി മലയാള സിനിമയ്ക്ക് ഗംഭീരമായിരുന്നു. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു തുടങ്ങി ഒരുപിടി ചിത്രങ്ങൾ തീയറ്ററിലേക്ക് ആരാധകരെയെത്തിച്ചു. കുടുംബ പ്രേക്ഷകരെ ആകർഷിക്കാനായതാണ് ഈ സിനിമകളെ വാണിജ്യ വിജയത്തിലേക്ക് നയിച്ചത്. മഞ്ഞുമ്മൽ ബോയ്സ് 240 കോടിയിലധികം രൂപ നേടിയെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. ഈ സിനിമകളുടെയെല്ലാം ഒടിടി റൈറ്റ്സ് വിറ്റതിലൂടെയും മോശമല്ലാത്ത വരുമാനം നിർമാതാക്കൾക്ക് ലഭിച്ചു. ആദ്യത്തെ ആറു മാസത്തിനു ശേഷം ഒരൊറ്റ ഹിറ്റ് പോലും സമ്മാനിക്കാൻ മോളിവുഡിന് സാധിച്ചിട്ടില്ല. ജൂണിനു ശേഷം റിലീസ് ചെയ്തത് 40ലേറെ ചെറുതും വലുതുമായ ചിത്രങ്ങളാണ്.
ഇതിൽ ‘ഗോളം’ എന്നൊരു ചിത്രം മാത്രമാണ് മുടക്കുമുതൽ തിരിച്ചുപിടിച്ചത്. പുതുമുഖങ്ങളെ അണിനിത്തിയതും നിർമാണ ചെലവ് കുറയ്ക്കാനായതുമാണ് ചിത്രത്തിന് ഗുണം ചെയ്തത്. വയനാട് ദുരന്തത്തിനുശേഷം തീയേറ്ററുകളിലേക്ക് ആളെത്തുന്നത് തന്നെ കുറഞ്ഞതായി തീയറ്റർ ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. ഹിറ്റ് സിനിമകൾ വരാത്തതാണ് പ്രധാന കാരണമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. മുമ്പ് ഇത്തരത്തിൽ ഫ്രീ ടിക്കറ്റിൽ സിനിമ കാണാൻ ആളുകൾ വന്നിരുന്നെങ്കിൽ ഇപ്പോൾ അതുപോലും കുറവാണെന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘വാഴ’ എന്ന ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ മികച്ച കളക്ഷൻ ലഭിച്ചിരുന്നു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ആളുകളുടെ വരവ് പെട്ടെന്ന് നിലച്ചെന്ന് തീയേറ്ററർ ഉടമകൾ പറയുന്നു. 

അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു തിയറ്റർ നടത്തി കൊണ്ടു പോകണമെങ്കിൽ ദിവസം 8,000 മുതൽ 10,000 രൂപയെങ്കിലും വരുമാനം വേണം. ഏറ്റവും കുറഞ്ഞത് 5 ജീവനക്കാരെങ്കിലും തീയറ്ററുകളിലുണ്ടാകും. ഇവരുടെ ശമ്പളം, വൈദ്യുതിബിൽ, നികുതി തുടങ്ങിയവയെല്ലാം പ്രേക്ഷകൻ നൽകുന്ന വരുമാനത്തിൽ നിന്ന് വേണം കണ്ടെത്താൻ. വരുമാനം കുറഞ്ഞതോടെ തീയറ്ററുകൾ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. ഓണക്കാലത്തും തീയേറ്ററുകളിൽ പ്രേക്ഷകർ എത്താതിരുന്നാൽ സ്ഥിതി വീണ്ടും ഗുരുതരമാകും. 

Exit mobile version