Site iconSite icon Janayugom Online

വിവാദങ്ങള്‍ കൊടുമുടിയേറി ഇന്ത്യ‑പാക് മത്സരം; വാക്കുതര്‍ക്കം, ഗണ്‍ ആഘോഷം, യുദ്ധവിമാനം വീഴുന്ന ആംഗ്യം…

വിവാദങ്ങള്‍ കൊണ്ട് സംഭവ ബഹുലമായിരുന്നു ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ‑പാകിസ്ഥാന്‍ മത്സരം. ഇരുടീമും ഗ്രൂപ്പ് സ്റ്റേജിലെ പോരില്‍ ഹസ്തദാന വിവാദമായിരുന്നെങ്കില്‍ ഇത്തവണ താരങ്ങള്‍ തമ്മില്‍ വരെ വാക്കുതര്‍ക്കങ്ങളുണ്ടായി. ആദ്യ ബാറ്റ് ചെയ്തത് പാകിസ്ഥാനായിരുന്നു. അർധസെഞ്ചുറിക്ക് പിന്നാലെ പാകിസ്ഥാന്റെ സാഹിബ്‌സാദ ഫർഹാൻ കാണിച്ച ആംഗ്യം സമൂഹമാധ്യമങ്ങളിൽ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറികളും സഹിതം 45 പന്തില്‍ 58 റണ്‍സ് നേടി. സാഹിബ്‌സാദാ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഫര്‍ഹാന്‍ ഡഗ്ഔട്ടിലേക്ക് തിരിഞ്ഞ് ബാറ്റ് തോക്കുപോലെ ഉപയോഗിച്ച് വെടിവയ്ക്കുന്ന ആംഗ്യം കാണിച്ചായിരുന്നു ആഘോഷപ്രകടനം. ഇത് സംപ്രേഷൗണം ചെയ്യപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും കഴിഞ്ഞ മത്സരത്തിലെ ഹസ്തദാന വിവാദത്തിന്റെയും പശ്ചാത്തലത്തിലാണ് ഫര്‍ഹാന്റെ ഗണ്‍ ആഘോഷം. എന്നാല്‍ ഇതൊരു തുടക്കം മാത്രമായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പാക് ബൗളര്‍മാരെ തുടക്കം മുതല്‍ തന്നെ തല്ലിത്തകര്‍ത്തു. പാക് ബൗളര്‍ ഹാരിസ് റൗഫ് പന്തെറിയാനെത്തിയതോടെയാണ് അടുത്ത പ്രശ്നത്തിന് തുടക്കമായത്. അഭിഷേക് ശർമ്മയുമായും ശുഭ്മാൻ ഗില്ലുമായും ഹാരിസ് റൗഫ് വാക്കേറ്റത്തിൽ ഏർപ്പെട്ടു. അഞ്ചാം ഓവറിലാണ് സംഭവം. ഓരോ പന്ത് കഴിയുമ്പോഴും വ്യക്തി അധിക്ഷേപം നടത്തിക്കൊണ്ടിരുന്നതിനാലാണ് താന്‍ പ്രതികരിച്ചതെന്ന് അഭിഷേക് ശര്‍മ്മ മത്സരശേഷം പറഞ്ഞു. ഹാരിസ് റൗഫ് ഫീല്‍ഡിങ്ങിനിടെയും വിവാദങ്ങള്‍ തുടര്‍ന്നു. ബൗണ്ടറിക്കരികേ ഫീല്‍ഡ് ചെയ്ത ഹാരിസിനെ ‘കോലി, കോലി’ എന്ന വിളികളോടെ കാണികള്‍ പരിഹസിക്കുകയുണ്ടായി. പിന്നാലെ ഗ്യാലറിയിൽ ഇന്ത്യൻ കാണികളുടെ തുടർച്ചയായ ആർപ്പുവിളികൾക്കിടെ, റൗഫ് കൈ കൊണ്ട് ‘6–0’ എന്നു സൂചിപ്പിക്കുന്ന ആംഗ്യം കാണിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ ആറു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം സൂചിപ്പിച്ചായിരുന്നു റൗഫിന്റെ ആംഗ്യം. കൈക്കൊണ്ട് യുദ്ധവിമാനം പറക്കുന്നതും താഴെവീഴുന്നതുമായ ആംഗ്യം കാണിക്കുകയായിരുന്നു. 

‘കളിക്കിടെ അവര്‍ (പാക് താരങ്ങള്‍) ഒരു കാരണവുമില്ലാതെ ഞങ്ങള്‍ക്ക് നേരെ വന്നു. അതെനിക്ക് ഒട്ടും ഇഷ്ടമായില്ല. അവര്‍ക്ക് ഡോസില്‍ നല്‍കാന്‍ എന്റെ കൈയിലുള്ള ഒരേയൊരു മരുന്ന് കടന്നാക്രമിച്ചുള്ള ബാറ്റിങ്ങായിരുന്നു’- അഭിഷേക് വ്യക്തമാക്കി. 39 പന്തുകള്‍ നേരിട്ട് അഭിഷേക് ശര്‍മ്മ അഞ്ച് സിക്സും ആറ് ഫോറും സഹിതം 74 റണ്‍സ് നേടി ടോപ് സ്കോററായി. ഗില്‍ 28 പന്തില്‍ 8 ഫോറുകള്‍ സഹിതം 47 റണ്‍സ് അടിച്ചെടുത്തു. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ 105 റണ്‍സ് കണ്ടെത്തി. ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അഞ്ചിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 

Exit mobile version