Site icon Janayugom Online

പഞ്ചാബ്: കോണ്‍ഗ്രസില്‍ വിവാദങ്ങളും തര്‍ക്കങ്ങളും വിട്ടൊഴിയുന്നില്ല

അപ്രതീക്ഷിതമായ ഭരണനേതൃമാറ്റത്തിനും പിന്നീടുണ്ടായ അനിശ്ചിതത്വത്തിനുമൊടുവില്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയായി ചരണ്‍ജിത് സിങ്ങ് ചന്നി സ്ഥാനമേറ്റെടുത്തെങ്കിലും, കോണ്‍ഗ്രസില്‍ വിവാദങ്ങളും തര്‍ക്കങ്ങളും വിട്ടൊഴിയുന്നില്ല. സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായ ചന്നിയെ നിശ്ചയിച്ചത് വിപ്ലവകരമായ തീരുമാനമെന്ന രാഷ്ട്രീയ അവകാശവാദങ്ങള്‍ നടത്താന്‍ പോലും സാധിക്കാത്ത തരത്തിലാണ് നേതാക്കളുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് ബാധ്യതയായി മാറിയിരിക്കുന്നത്.

പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതലക്കാരനായ ഹരിഷ് റാവത്തിന്റെ പ്രസ്താവനയാണ് പാര്‍ട്ടിയില്‍ പുതിയ തര്‍ക്കങ്ങള്‍ക്കും എതിരാളികളുടെ വിമര്‍ശനത്തിനും കാരണമായത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തിലായിരിക്കും അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുക എന്നായിരുന്നു റാവത്തിന്റെ പരാമര്‍ശം. ഇതിനെതിരെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ഝാകര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനകത്തുനിന്നുതന്നെ പ്രതിഷേധവുമായി രംഗത്തെത്തി.

 


ഇതുംകൂടി വായിക്കാം; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു


 

ഹരിഷ് റാവത്തിന്റെ പ്രസ്താവന അമ്പരപ്പിക്കുന്നതാണെന്ന് സുനില്‍ ഝാകര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതാണ് ഈ നിലപാട്. മാത്രമല്ല, ചന്നിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണത്തെ റദ്ദ് ചെയ്യുകയാണ് റാവത്തിന്റെ വാക്കുകളിലൂടെ സംഭവിക്കുകയെന്നും ഝാകര്‍ വിമര്‍ശിച്ചു.മറ്റുള്ള രാഷ്ട്രീയപാര്‍ട്ടികളും റാവത്തിന്റെ പ്രസ്താവനയെത്തുടര്‍ന്ന് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ചന്നിയെ ഡമ്മി മുഖ്യമന്ത്രിയായി കണക്കാക്കിയതിലൂടെ കോണ്‍ഗ്രസും ഗാന്ധി കുടുംബവും ദളിത് ജനവിഭാഗത്തെ അവഹേളിക്കുകയാണെന്ന് ശിരോമണി അകാലിദള്‍ ദേശീയ വക്താവ് മന്‍ജിന്ദര്‍ സിങ് സിര്‍സ കുറ്റപ്പെടുത്തി.ബിഎസ്‌പി അധ്യക്ഷ മായാവതിയും ഇതേ വിമര്‍ശനവുമായി രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് ഇതര വിഭാഗക്കാരനായ നേതാവിനെ മുന്‍നിര്‍ത്തി പോരാടുമെന്ന പ്രഖ്യാപനത്തിലൂടെ, കോണ്‍ഗ്രസ് ദളിതരെ പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മായാവതി പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ സിദ്ദു അധികാരമേറ്റെടുക്കുന്നതുവരെയുള്ള ‘നൈറ്റ് വാച്ച്മാന്‍’ മാത്രമായാണ് ദളിത് മുഖ്യമന്ത്രിയെ നിയമിച്ചിരിക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യയുടെ ട്വീറ്റ്.

 


ഇതുംകൂടി വായിക്കാം; പാര്‍ട്ടി പോര് പഞ്ചാബ് കോണ്‍ഗ്രസിന് വീണ്ടും തലവേദനയാകുന്നു


 

പഞ്ചാബില്‍ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന ദളിത് വിഭാഗത്തെ കൂടെനിര്‍ത്തുന്നതിനായാണ് കോണ്‍ഗ്രസ് ദളിത് വിഭാഗക്കാരനായ ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാവിന്റെ വാക്കുകള്‍ തന്നെ അവര്‍ക്ക് തിരിച്ചടിയായ സ്ഥിതിയാണുള്ളത്. ഇതോടെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാനായാല്‍, നിലവിലുള്ള പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ നവ്ജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിയോഗിക്കാനായിരിക്കും കോണ്‍ഗ്രസ് ദേശീയനേതൃത്വം താല്പര്യപ്പെടുക എന്ന് വ്യക്തമായതായി രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
eng­lish sum­ma­ry; Con­tro­ver­sy and con­tro­ver­sy con­tin­ue in Pun­jab Congress
you may also like this video;

Exit mobile version