കള്ളുഷാപ്പിലെ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു പേരെപൊലീസ് അറസ്റ്റ് ചെയ്തു. എടത്തിരുത്തി കല്ലുങ്കടവ് സ്വദേശി പട്ടാട്ട് വീട്ടിൽ ഷജീർ (42), വലപ്പാട് മുരിയാംതോട് സ്വദേശി കണ്ണോത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (40) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് പതിയാശ്ശേരി വീട്ടിൽ ഷിയാസി(47)നെയാണ് പ്രതികള്‍ ആക്രമിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെ പുളിക്കകടവ് കള്ള് ഷാപ്പിന് മുന്നിലായിരുന്നു സംഭവം.വാക്കു തർക്കത്തെ തുടർന്ന് ഷാപ്പിന് പുറത്തിറങ്ങിയ ഷിയാസിനെ ഉണ്ണികൃഷ്ണൻ അടിക്കുകയും ഷജീർ വെട്ടുകത്തികൊണ്ട് മുതുകിനു താഴെയും കാൽപാദത്തിന് മുകളിലും വെട്ടുകയും നിലത്ത് വീണ ഷിയാസിനെ കഴുത്തിലും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷജീർ മൂന്ന് അടിപിടി കേസുകളിലും ഉണ്ണികൃഷ്ണൻ രണ്ട് അടിപ്പിടി കേസുകളിലും പ്രതികളാണ്. വലപ്പാട് സബ് ഇൻസ്പെക്ടർമാരായ എബിൻ, സാബു, ആന്റണി ജിമ്പിള്‍, സിപിഒമാരായ ലെനിൻ, പ്രണവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

