Site iconSite icon Janayugom Online

ഡിസിസിയില്‍ തര്‍ക്കം രൂക്ഷം; മണ്ഡ‍ലം പ്രസിഡന്റുമാരുടെ പട്ടികയില്‍ വി ഡി സതീശന്റെ നോമിനികളെ വെട്ടി

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നോമിനികളെ പൂർണമായും വെട്ടി മണ്ഡലം പ്രസിഡന്റുമാരുടെ രണ്ടാംഘട്ട പട്ടിക പുറത്തുവന്നതോടെ തിരുവനന്തപുരം ജില്ലയില്‍ കോൺഗ്രസില്‍ തര്‍ക്കം രൂക്ഷമായി. താന്‍ നല്‍കിയ പട്ടിക പൂര്‍ണമായും വെട്ടിയതോടെ ഡിസിസി പ്രസിഡന്റ് പാലോട് രവി പ്രതിഷേധം കടുപ്പിച്ചു. ഡിസിസി പ്രസിഡന്റിന്റെ പട്ടിക പൂർണമായും തള്ളി കെപിസിസി പ്രസിഡന്റിന്റെ ഇഷ്ടക്കാർക്ക് ഭൂരിപക്ഷമുള്ള ലിസ്റ്റാണ് പ്രഖ്യാപിച്ചത്.

വി ഡി സതീശന്റെ അനുകൂലികളുടെ പട്ടികയാണ് ഡിസിസി പ്രസിഡന്റ് പാലോട് രവി നൽകിയത്. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് എം ലിജുവും ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പി കെ ശ്രീകുമാറും ചേർന്നാണ് പ്രസിഡന്റുമാരെ നിശ്ചയിച്ചത്. ഏതാനും മണ്ഡലങ്ങളിലെ പ്രസിഡന്റുമാരെ ഇനിയും പ്രഖ്യാപിക്കാനുണ്ട്.

തന്റെ പട്ടിക പൂർണമായി വെട്ടിയതിൽ കടുത്ത പ്രതിഷേധത്തിലാണ് പാലോട് രവി. പട്ടിക പ്രഖ്യാപിച്ചതോടെ ഫോൺ ഓഫ് ചെയ്ത അദ്ദേഹം ഓഫിസിലുമെത്തിയില്ല. അതേസമയം, ജില്ലയിൽ മറ്റു ഗ്രൂപ്പുകളെ പൂർണമായും തഴഞ്ഞ് വി ഡി സതീശന്റെ ശക്തി കേന്ദ്രമാക്കാനുള്ള പാലോട് രവിയുടെ നീക്കത്തിൽ വലിയ പ്രതിഷേധമുണ്ട്. ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Con­tro­ver­sy in DCC
You may also like this video

Exit mobile version