Site iconSite icon Janayugom Online

ഏകീകൃത കുർബാന തർക്കം; വൈദികന്‍ രാജിവച്ചു

ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികൻ ഇടവക വികാരിയുടെ ചുമതലകളിൽ നിന്ന് രാജിവച്ചു. കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളിയിലെ വികാരിയായിരുന്ന ഫാ. അഗസ്റ്റിൻ വട്ടോളിയാണ് സ്ഥാനം രാജിവച്ചത്. ഇന്നലെ രാവിലെ കുർബാനയ്ക്കിടെയായിരുന്നു രാജി പ്രഖ്യാപനം.
ഏകീകൃത കുർബാന അർപ്പിക്കാൻ തയ്യാറല്ലെന്നും കുർബാനയുടെ പേരിൽ പള്ളിയിൽ സംഘർഷമുണ്ടാക്കാൻ താല്പര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരി സ്ഥാനം രാജിവച്ചെങ്കിലും പൗരോഹിത്യത്തിൽ തുടരും. ഇടവക വികാരിയുടെ ചുമതലകളിൽ നിന്ന് പിന്മാറുന്നു എന്നറിയിച്ചുകൊണ്ടുള്ള കത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് കൈമാറിയതായും ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു. രാജി പ്രഖ്യാപനത്തിൽ കടമക്കുടി ഇടവകാഗംങ്ങൾ ഭൂരിഭാഗവും വികാരിക്കൊപ്പമായിരുന്നു. ജനാഭിമുഖ കുർബാന പൂർണ അവകാശമായി അർപ്പിക്കാൻ സാധിക്കുന്ന പക്ഷം രാജി പിൻവലിക്കാൻ സന്നദ്ധനാണെന്നും ഫാദർ അഗസ്റ്റിൻ വട്ടോളി അറിയിച്ചു.

Exit mobile version