Site iconSite icon Janayugom Online

ബാലപീഡനങ്ങൾ മറച്ചുവെച്ചതിനെ തുടർന്നുള്ള വിവാദം; ആംഗ്ലിക്കന്‍ സഭാതലവന്‍ ജസ്റ്റിന്‍ വില്‍ബി രാജിവെച്ചു

ബാലപീഡന വിവരങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവെച്ച ബ്രിട്ടനിലെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ (ആംഗ്ലിക്കന്‍ സഭ) തലവന്‍ കാന്റര്‍ബറി ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വില്‍ബി രാജിവെച്ചു ഒഴിഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ആത്മീയ പുരോഹിതനാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് . 2013 മുതല്‍ വില്‍ബി ആര്‍ച്ചു ബിഷപ്പായി ചുമതല നിര്‍വഹിച്ചു വരികയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാജാവാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും മുതിര്‍ന്ന ബിഷപ്പിനെ സഭാ തലവനായി നിയമിക്കുന്നത്.1970കളുടെ അവസാനത്തിലും എണ്‍പതുകളുടെ തുടക്കത്തിലും ക്രിസ്മസ് അവധിക്കാല ക്യാമ്പില്‍ പങ്കെടുത്തിരുന്ന ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നടപടി എടുത്തില്ല എന്നതാണ് പ്രധാന ആരോപണം. അഭിഭാഷകനും ചാരിറ്റി ട്രസ്റ്റ് ഐവേണിന്റെ മുന്‍ ചെയര്‍മാനുമായ ജോണ്‍ സ്മിത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് വില്‍ബിക്ക് അറിവുണ്ടായിരുന്നു. 

എന്നാല്‍ ഇതില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണ കമ്മിഷൻ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പരാതി ശരിയാണെന്നും വിഷയം കൈകാര്യം ചെയ്തതിൽ ക്യാമ്പിന്റെ ചുമതലക്കാരനായ പുരോഹിതനായിരുന്ന ഇന്നത്തെ ആർച്ച്ബിഷപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആംഗ്ലിക്കൽ സഭയ്ക്കുള്ളിലും ആർച്ച്ബിഷപ്പ് വിൽബി രാജിവയ്ക്കണമെന്ന് അഭിപ്രായം ഉയർന്നു. രാജിയാവശ്യപ്പെട്ട് സഭ സിനഡ് അംഗങ്ങൾ നിവേദനം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആർച്ച്ബിഷപ്പ് രാജിവച്ചത്.

Exit mobile version