വാല്മീകി പ്രതിമയോട് ചേർന്ന് ഫ്ലക്സ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. കർണാടകയിലെ ബെല്ലാരിയിൽ ആയിരുന്നു സംഭവം. കോൺഗ്രസ് എംഎൽഎ ഭരത് റെഡ്ഡിയുടെ അനുയായികളും കല്യാണ രാജ്യ പ്രഗതി പക്ഷ (കെആർപിപി)എംഎൽഎ ജനാർദന റെഡ്ഡിയുടെയും അനുയായികളും തമ്മിൽ ആയിരുന്നു സംഘർഷം.
കോൺഗ്രസ് പ്രവർത്തകനായ രാജശേഖരയാണ് കൊല്ലപ്പെട്ടത്. ഗംഗാവതി മണ്ഡലത്തിലെ എംഎൽഎയായ ജനാർദന റെഡ്ഡി, കഴിഞ്ഞ കൊല്ലം തന്റെ പാർട്ടിയായ കെആർപിപി(കല്യാണ രാജ്യ പ്രഗതി പക്ഷ)യെ ബിജെപിയിൽ ലയിപ്പിച്ചിരുന്നു.രാജശേഖരയെ കൊന്നത് ജനാർദ്ദനയുടെ ആളുകളാണെന്ന് ഭരത് റെഡ്ഡി ആരോപിച്ചു. പൊലീസിന് നേരെയും കല്ലേറുണ്ടായി. ഒരാൾ ആകാശത്തേക്ക് വെടിയുതിർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമായിട്ടില്ല. കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

