ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ രാജിയെ തുടർന്ന് പകരക്കാരനെ കണ്ടെത്തുന്നതിൽ താരസംഘടനയായ എഎംഎംഎയില്‍ തർക്കം.ഇതിനെ തുടർന്ന്
നാളെ കൊച്ചിയിൽ ചേരാനിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു.നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിന് ജനറൽ സെക്രട്ടറിയുടെ ചുമതല നൽകണമെന്നാണ് സിദ്ദിഖിനെ അനുകൂലിക്കുന്നവരുടെ ആഗ്രഹം. എന്നാൽ ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റ് പരാതി ഉന്നയിച്ചാൽ മാറ്റി നിർത്തണമെന്നാണ് വൈസ് പ്രസിഡന്റുമാരായ ജഗദീഷിന്റേയും ജയൻ ചേർത്തലയുടെയും ആവശ്യം.
ജഗദീഷിന്റെ പേരാണ് മറുപക്ഷം മുന്നോട്ട് വെക്കുന്നത്. അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി എക്സിക്യൂട്ടീവ് യോഗം നാളെ ചേരാനിരുന്നത്. യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനിരുന്നതാണ്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. കൂടാതെ ഓരോദിവസവും ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ അമ്മയുടെ നിലപാട് വ്യക്തമാക്കുവാൻ കൂടിയാണ് യോഗം ചേരാൻ തീരുമാനിച്ചത്. എന്നാൽ പ്രസിഡന്റ് മോഹൻലാലിന് നാളെ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് യോഗം മാറ്റിവെച്ചതെന്നാണ് ഭാരവാഹികൾ പറയുന്നത്.