Site iconSite icon Janayugom Online

പരമ്പരാഗത ജലസ്രോതസ്സുകള്‍ മലിനമായി; കുട്ടനാട്ടിൽ കുടിവെള്ള ക്ഷാമം

വെള്ളപ്പൊക്കത്തെ തുടർന്ന് പരമ്പരാഗത ജലസ്രോതസ്സുകളെല്ലാം ചെളി നിറഞ്ഞ് മലിനമായതോടെ കുട്ടനാട് മേഖലകളിൽ കുടിവെള്ള ക്ഷാമം പിടിമുറുക്കുന്നു. കിണർ അടക്കമുള്ള ജലസ്രോതസ്സുകളെല്ലാം പൂർണമായും നശിച്ചു. 50 ഓളം കിണറുകളാണ് ഈ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞു വീണത്. മഴ ശമിച്ചെങ്കിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. പഞ്ചായത്ത് പൈപ്പുകൾ ഉൾപ്പടെ ചെളിക്കുള്ളിൽ പൂണ്ട നിലയിലാണ്. കൈനകരിയിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്. ഒറ്റപ്പെട്ട തുരുത്തുകളിലെ അവസ്ഥയും വ്യത്യസ്തമല്ല. ഇല്ലിമൂട്, ചേന്നങ്കിരി, കുട്ടമംഗലം, പള്ളാത്തുരുത്തി, ചെമ്പുംപുറം എന്നിവിടങ്ങളിലും ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്. നെടുമുടിയിൽ മട വീണ പാടശേഖര പ്രദേശങ്ങളിലും കുടിവെള്ളമില്ല. 

പ്രളയജലം കരകവിഞ്ഞൊഴുകിയതോടെ കിണറുകളിലെല്ലാം മലിനജലം നിറഞ്ഞു. നീരേറ്റുപുറം ജലശുദ്ധീകരണ ശാലയിൽ നിന്നുള്ള വെള്ളമായിരുന്നു കുട്ടനാട്ടിലെ പലരും ആശ്രയിക്കുന്നത്. ജലശുദ്ധീകരണ ശാലയിൽ വെള്ളം കയറിയതിനാൽ ഇവിടെ നിന്നുള്ള പമ്പിംഗ് ഭാഗികമായി മാത്രമാണ് നടക്കുന്നത്. വെള്ളത്തെ ഭയപ്പെടാതെ ജീവിച്ച ഒരു ജനതയ്ക്ക് ഇപ്പോൾ വെള്ളം എന്ന് കേൾക്കുന്നതേ ഭയമാണ്. ഭൂരിഭാഗം പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. വീടുകളിലൊക്കെ അട്ടിയായി ചെളി അടിഞ്ഞിട്ടുണ്ട്. കൂടാതെ വലിയ തോതിൽ മാലിന്യങ്ങളും വന്നടിഞ്ഞു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ മുഴുവൻ മാലിന്യവും വന്നടിഞ്ഞത് കുട്ടനാട്ടിലേക്കാണ്.

ഡാമുകൾ തുറന്ന് വെള്ളം കുത്തിയൊലിച്ച് വന്നതോടെ മാലിന്യം കുട്ടനാട്ടിലേയ്ക്ക് ഒഴുകിയെത്തി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കുട്ടനാട്ടിൽ അടിഞ്ഞു കിടക്കുകയാണ്. ഇത് എല്ലാ ജലസ്രോതസ്സുകളിലും കലരുകയും ചെയ്തു. ഈ വെള്ളം ഒരു വിധത്തിലും ഉപയോഗിക്കാൻ കഴിയില്ല. ഗതാഗത സൗകര്യം നിലച്ചിരിക്കുന്നതിനാൽ ടാങ്കറിലൂടെയോ മറ്റ് സംവിധാനങ്ങളിലൂടെയോ ശുദ്ധജലം എത്തിക്കുന്നതിനുള്ള മാർഗവുമില്ല. അതേസമയം, കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശങ്ങളിൽ പകർച്ച വ്യാധിയും ഭീഷണി ഉയർത്തുന്നുണ്ട്. അത് മുൻകൂട്ടി കണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ചെയ്യുന്നുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ജനങ്ങൾ ഉപയോഗിക്കാവു എന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്. 

ENGLISH SUMMARY:Conventional water sources pol­lut­ed; Drink­ing water short­age in Kuttanad
You may also like this video

Exit mobile version